‘ഹാ ഇഷാനി മോൾ ഇതെപ്പോ വന്നു…’
അച്ഛൻ വളരെ സന്തോഷത്തിൽ അവളെ വിളിച്ചു.. അച്ഛൻ തന്നെ ഓർക്കുന്നുണ്ട്
‘ഇപ്പോൾ വന്നെ ഉള്ളു… അച്ഛാ…’
ഇഷാനി പറഞ്ഞു.
‘ഞാൻ ഇവൻ ഇവിടെ വരുമ്പോൾ ഒക്കെ മോളുടെ കാര്യം തിരക്കും.. ഇടയ്ക്ക് ഇങ്ങോട്ട് കൊണ്ട് വരാൻ പറയും. ഇവൻ വീണു പഞ്ചർ ആയപ്പോൾ ആണേലും മോൾ ഇവിടെ വരെ വന്നല്ലോ…’
അച്ഛൻ സംസാരിക്കുമ്പോ എല്ലാം മോൾ എന്ന് വിളിക്കുമ്പോ ഇഷാനിക്ക് ഉള്ളിൽ എവിടെയോ ഒരു നൊമ്പരവും ഒരിത്തിരി സന്തോഷവും ഒരുമിച്ച് മുളച്ചു..
‘അവൾ ക്ലാസ്സ് – കട – വീട് എന്ന് പറഞ്ഞു നടക്കുവാ.. ഫ്രീ ആയി കിട്ടണ്ടേ..’
അർജുൻ അങ്ങനെ പറഞ്ഞത് കൊണ്ട് താനും അവനുമായി ഉടക്കിൽ ആയത് അച്ഛന് അറിയില്ല എന്ന് അവൾക്ക് മനസിലായി.
‘മോൾടെ വയ്യായ്ക ഒക്കെ മാറിയല്ലോ…?
‘അതൊക്കെ മാറി…’
ഇവിടെ താൻ വന്നത് അർജുനെ കാണാൻ ആണ്.. അവന് എന്തെങ്കിലും പ്രശ്നം ഉണ്ടോന്നു അറിയാൻ. പക്ഷെ അവനും അച്ഛനും ഒക്കെ തന്നെ ഇങ്ങോട്ട് ഒരുപാട് കെയർ ചെയ്യുന്നത് പോലെ ഇഷാനിക്ക് തോന്നി..
‘എന്നാൽ നിങ്ങൾ സംസാരിച്ചു ഇരിക്ക്..’
അവരെ അവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു അച്ഛൻ വെളിയിലേക്കു പോയി
‘ഇനി ഇവിടാണോ….?
ഇഷാനി ചോദിച്ചു
‘ഹേയ്.. ഇതിപ്പോ അച്ഛന്റെ ഒരു സമാധാനത്തിനു വേണ്ടി.. എല്ലാം ഓക്കേ ആകുമ്പോൾ ഞാൻ തിരിച്ചു അങ്ങോട്ട് പോകും…’
‘നോട്ട് ഞാൻ എഴുതി തരാം.. ബുക്ക് താ…’
ആ കാര്യത്തിൽ എങ്കിലും അവനെ ഹെല്പ് ചെയ്യാമെന്ന് അവൾ കരുതി..
‘അതൊക്കെ കൃഷ്ണ എടുത്തോണ്ട് പോയി.. അവൾ കുറച്ചു മുന്നേ വരെ ഇവിടെ ഉണ്ടായിരുന്നു..’
അർജുൻ പറഞ്ഞു