‘നീയെന്താ പിന്നെ എന്നോട് ഇത്രയും നാൾ ഇത് പറയാതെ ഇരുന്നത്….?
ഞാൻ അവളോട് ചോദിച്ചു
‘എന്നേലും നിനക്ക് ഓർമ വരട്ടെ എന്ന് കരുതി. പിന്നെ നീ ഓർത്തില്ലേൽ കല്യാണം കഴിഞ്ഞു പറയാമെന്നു വച്ചു ഇരിക്കുവായിരുന്നു ഞാൻ…’
അവൾ പറഞ്ഞു
‘ഇത്.. ഇത് എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല…’
ഞാൻ പറഞ്ഞു
‘നീ അന്ന് എന്നെ രക്ഷിച്ചിട്ട് എവിടെ പോയി..? ഞങ്ങൾ അവിടെ എല്ലാം നോക്കി. നിന്റെ പൊടി പോലും ഇല്ലായിരുന്നു. അപ്പോൾ എല്ലാവരും പറഞ്ഞു വന്നത് വേറെ ആരുമല്ല സാക്ഷാൽ പരമശിവൻ ആണെന്ന്..’
ഇഷാനി പറഞ്ഞു
‘ശിവനോ…? ഞാനോ…?
ഞാൻ ചിരിച്ചു
‘സത്യം പറഞ്ഞതാടാ.. ഞങ്ങൾ മേലെ പോയി അമ്പലത്തിൽ പോയി പറഞ്ഞപ്പോളും അവരും ഇങ്ങനെ ഒക്കെ ആണ് പറഞ്ഞത്. ഭഗവാൻ വന്നു രക്ഷിച്ചു എന്ന്.. നിമിത്തം പോലെ നിന്റെ പൊട്ടിയ രുദ്രാക്ഷമാല എന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് അവിടെ വച്ചു പൂജിച്ചു എനിക്ക് കെട്ടാൻ തന്നു.. അതാണ് ഇത്….’
ഇഷാനി അവളുടെ കയ്യിൽ കിടന്ന രുദ്രാക്ഷം എന്നെ കാണിച്ചു തന്നു.. ഇത്.. ഇതെന്റെ രുദ്രാക്ഷം ആയിരുന്നു. ജീവാനന്ദൻ എനിക്ക് സമ്മാനിച്ചത്.. അതിത്ര നാളായിട്ടും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല..
‘ദൈവമേ.. ഇത് എന്റെ ആരുന്നല്ലേ.. ഞാൻ ഇതിന്റെ കാര്യം അന്നേ മറന്ന് പോയി…’
അവളുടെ രുദ്രക്ഷത്തിൽ ചുംബിച്ചു ഞാൻ പറഞ്ഞു
‘അന്ന് തൊട്ട് ഇതെന്റെ കയ്യിൽ ഉണ്ട്. ഒരു രക്ഷ പോലെ.. അതിൽ പിന്നെ എനിക്ക് ഭക്തി കുറച്ചു കൂടി കേട്ടോ.. ഞാൻ മിക്കപ്പോഴും ശിവന്റെ അമ്പലത്തിൽ ഒക്കെ പോകും.. ഞാൻ അന്ന് നീയുമായി വൈകിട്ട് പോയ അമ്പലം ഇല്ലേ..? അവിടെ.. അവിടെ പോയി പ്രാർത്ഥിക്കും…’
ഇഷാനി പറഞ്ഞു
എനിക്ക് എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ കിടന്നു മറിഞ്ഞു. ആ രുദ്രാക്ഷം എനിക്ക് ജീവാനന്ദൻ തന്നതായിരുന്നു. അതാണ് അന്ന് ഇഷാനിക്ക് കിട്ടുന്നത്. അന്ന് ഇഷാനിയുമായി ആ അമ്പലത്തിൽ പോയപ്പോൾ അവിടെ വച്ചു അവനെ കണ്ടത് ഞാൻ ഓർത്തെടുത്തു.. അവന്റെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന പുഞ്ചിരി എനിക്കിപ്പോ മനസ്സിൽ തെളിഞ്ഞു.. ഇതൊക്കെ അവന് നേരത്തെ അറിയാമായിരുന്നോ..? എനിക്ക് അതിന് ഉത്തരം കിട്ടിയില്ല