അവളതിന് മറുപടി പറഞ്ഞില്ല. കയർ മേലേക്ക് പോകുന്തോറും അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു. ഞങ്ങളെ ചുറ്റിയ കയറിനെക്കാൾ മുറുക്കത്തിൽ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. പത്തു പന്ത്രണ്ടു മീറ്റർ ഉയരത്തിൽ എത്തിയപ്പോളേക്കും ഒരു മാതിരി നടക്കാൻ പറ്റുന്ന സ്ലോപ്പ് ആയിരുന്നു. പിന്നെ കയറിന്റെ ബലത്തിൽ തന്നെ ഞാൻ മുകളിലേക്കു നടന്നു. അവൾ അപ്പോളും എന്നെ ഇറുക്കി പിടിച്ചിരിക്കുകയായിരുന്നു.. അവളുടെ കാലുകൾ അപ്പോളും നിലത്ത് തൊട്ടിരുന്നില്ല..
രക്ഷപ്രവർത്തനം ഭംഗിയായി തന്നെ അവസാനിച്ചു. ഞങ്ങൾ മുകളിൽ എത്തി.. പക്ഷെ അവിടെ എത്തിയപ്പോളും അവൾ എന്നെ വിട്ടു മാറിയില്ല. കണ്ണടച്ചു അവളാപ്പോളും എന്റെ മേലെ ഉണ്ടായിരുന്നു.. പേടി കാരണം അവൾ എന്നെ മുറുക്കെ പിടിച്ചു ഇരിക്കുകയാണ് എന്നെനിക്ക് തോന്നി. മുകളിൽ എത്തിയതും അവളുടെ പേരപ്പനും പേരാമ്മയും എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. ആളുകളുടെ ബഹളം കേട്ടപ്പോൾ ആയിരിക്കണം മുകളിൽ വന്നത് അവൾക്ക് മനസിലായത്. എന്നാലും പേടി തട്ടിയത് കൊണ്ട് അവൾ എന്റെ ദേഹത്ത് നിന്നും പിടിവിടാൻ ഒന്ന് മടിച്ചു. അവളുടെ പേരപ്പൻ അവളെ ഒരല്പം ബലത്തിൽ എന്നിൽ നിന്ന് എടുത്തു മാറ്റിയപ്പോൾ എന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷം പൊട്ടി. ആ ബഹളത്തിൽ ഞാനടക്കം ഉള്ള ആരുമത് കാര്യമാക്കിയില്ല..
എല്ലാവരും അപ്പോളേക്കും അവൾക്ക് ചുറ്റുമായി. ഇനി ഇവിടെ നിക്കണ്ട എന്ന് എനിക്ക് തോന്നി. ആരോടും പറയാതെ ഞാൻ പെട്ടന്ന് അവിടുന്ന് താഴേക്ക് ഇറങ്ങി. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഒരുപാട് ഇറങ്ങാൻ പറ്റിയില്ല. അടുത്ത് കണ്ടൊരു പടവിൽ കുത്തിയിരുന്ന് ഞാൻ മെല്ലെ എല്ലാം ആലോചിച്ചു. ആത്മഹത്യാചിന്തകൾ മുറിഞ്ഞു പോയത് കൊണ്ട് മാത്രം ജീവിതം തുടർന്ന് പോയ ആളാണ് ഞാൻ. പലപ്പോഴും ജീവിതം ഒടുക്കുന്നതിനെ പറ്റി ഞാൻ ആലോചിച്ചിട്ടുണ്ട്. ഇന്നാണ് അതിൽ അവസാനത്തെ ദിവസം. ഈ സംഭവം കഴിഞ്ഞു ഞാനൊരിക്കലും ആത്മഹത്യയേ കുറിച്ച് സീരിയസ് ആയി ചിന്തിച്ചിട്ടില്ല. ഒരു ജീവൻ രക്ഷിക്കുന്നതിൽ ഒരാൾക്ക് ആനന്ദം പകരുന്നതിൽ ലൈഫ് ഉണ്ടെന്ന് ഞാൻ മനസിലാക്കി. പിന്നെ ഉള്ള എന്റെ ഊര് ചുറ്റലുകൾ ഒക്കെ ജീവകാരുണ്യ സംഘടനകളുടെ കൂടെ ഒക്കെ ആയിരുന്നു. ഒടുവിൽ ഒരു കടുത്ത പനി പിടിച്ചു ഹോസ്പിറ്റലിൽ ആരും ഇല്ലാതെ വിറച്ചു കിടന്ന എന്നെ ഒരു പരിചയക്കാരൻ തിരിച്ചറിഞ്ഞു വീട്ടിൽ വിളിക്കുന്നതോടെ എന്റെ അലച്ചിലിന്റെ ജീവിതം അവസാനിക്കുകയായിരുന്നു.. വേറെ വഴിയില്ലാതെ എനിക്ക് തിരിച്ചു നാട്ടിലേക്ക് വരേണ്ടി വന്നു.. എല്ലാം ഞാൻ ഒന്ന് കൂടി ഓർമിച്ചു…