‘അവിടെ.. അവിടെ ഞാൻ വന്നിട്ടുണ്ട്.. നമ്മൾ അവിടെ വച്ചാണോ…?
പെട്ടന്ന് ആ സ്‌ഥലം എന്റെ മനസിലേക്ക് വന്നു.. ഞാൻ തെണ്ടി തിരിഞ്ഞു നടന്ന സമയത്ത് ആ അമ്പലത്തിൽ എത്തിപ്പെട്ടിട്ടുണ്ട്.
‘പറയട്ടെ.. ഇടയ്ക്ക് കേറി മിണ്ടാതെ….’
ഇഷാനി എന്നെ ശകാരിച്ചു
‘അപ്പോൾ ഞങ്ങൾ ഇങ്ങനെ ആ അമ്പലത്തിലോട്ട് കയറാൻ മല കയറി.. ഇങ്ങനെ കറങ്ങി കറങ്ങി വേണം കേറാൻ.. നല്ല കയറ്റമാണ്.. അത്ര ഫേമസ് അമ്പലം അല്ലേലും ചില സമയം അവിടെ നല്ല തിരക്കാ. ഞങ്ങൾ പോയ അന്ന് തിരക്ക് ഉണ്ടായിരുന്നു… അന്നാ തിരക്കിന്റെ കുഴപ്പം ആണോന്ന് അറിയില്ല പെട്ടന്ന് അവിടെ ഒരു ഉന്തും തള്ളും പോലെ ഉണ്ടായി എല്ലാവരും വേലി പോലെ കെട്ടി വച്ച മുളയിലേക്ക് മറിഞ്ഞു വീണു അത് ഒടിഞ്ഞു.. അത് പോയപ്പോ കുറെ പേര് അതിനപ്പുറം ഉള്ള താഴ്ചയിലേക്ക് തെന്നി വീണു.. ഉന്തും തള്ളുമല്ലേ.. പക്ഷെ എല്ലാവരും അധികം താഴോട്ട് പോകാതെ കേറി വരാൻ പറ്റുന്ന സൈഡിൽ ആണ് വീണത്.. പക്ഷെ ഞാൻ എങ്ങോട്ടാ വീണത് എന്നറിയാമോ.. ആ വലിയ കൊക്കയിലേക്ക്….’
ഇഷാനി പേടിപ്പിക്കുന്ന പോലെ പറഞ്ഞു
‘ഇഷാ നീ….?
ഞാൻ എനിക്ക് വിശ്വാസം വരാതെ ചോദിച്ചു.. എനിക്ക് അവൾ പറഞ്ഞ കഥ മനസിലായി വരുന്നു. ആ കഥയിൽ ഞാൻ എവിടെ ആണെന്നും എനിക്ക് മനസിലായി. പക്ഷെ അതെന്നെ പറയാൻ അനുവദിക്കാതെ അവളെന്റെ ചുണ്ടിൽ കൈ വച്ചു തടഞ്ഞു
‘ഞാൻ പറയും… എന്നിട്ട് നീ പറ…’
അവൾ തുടർന്നു
‘അങ്ങനെ ഞാൻ ഉരുണ്ട് ഉരുണ്ട് താഴേക്ക് പോയി. നല്ല വഴുക്കൽ ഉള്ള പാറ ആയിരുന്നു.. ഞാൻ ഈ വീഗാലാൻഡിൽ ഒക്കെ പോകുന്ന പോലെ അത് വഴി തെന്നി കറക്റ്റ് ആ കൊക്കയുടെ എഡ്ജിൽ ചെന്നു തട്ടി നിന്നു.. ഏതോ പുല്ലിലോ മറ്റോ പിടുത്തം കിട്ടിയത് ആണ്… ശരിക്കും സിനിമയിൽ ഒക്കെ കൊക്കയുടെ അറ്റത്തു നമ്മൾക്ക് പിടുത്തം കിട്ടില്ലേ.. അത് പോലെ….’