‘ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്നോ നീ വരാൻ താമസിച്ചപ്പോ..’
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു
‘എന്തയാലും വരുമെന്ന് പറഞ്ഞ പോലെ ഞാൻ വന്നില്ലേ..’
‘നീ എവിടാ പോയെ..?
എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു
‘ഇതിനെല്ലാം തുടക്കമിട്ട ഒരാളുടെ അടുത്തേക്ക്..’
ഞാൻ പറഞ്ഞു
‘എന്നിട്ട്…?
ഞാൻ അടുത്ത് ഉണ്ടായിട്ടും അത് കേട്ടപ്പോ എന്തോ അപകടം കേട്ടത് പോലെ അവൾ ഭയന്നു കൊണ്ട് ചോദിച്ചു
‘ഇനി അയാൾ പ്രശ്നത്തിന് വരില്ല..’
ഞാൻ പറഞ്ഞു
‘നീ…..?
ഇഷാനിക്ക് അതിൽ കൂടുതൽ ചോദിക്കാൻ കഴിഞ്ഞില്ല
‘ഞാൻ അല്ല…’
ഞാൻ അവളോട് പറഞ്ഞു. എന്റെ കൈ കൊണ്ടല്ല അയാൾ അവസാനിച്ചത് എന്ന് അവൾക്ക് മനസിലായി. അവൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി. അതും ഉമ്മയായി പരിണമിച്ചു..
നേരം വെളുത്തപ്പോ തൊട്ട് വീട്ടിൽ നിന്നൊരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു.. ഒടുവിൽ അത് വന്നു.. അച്ഛൻ ആയിരുന്നു വിളിച്ചത്. ദേവരാജൻ അങ്കിൾ ആക്‌സിഡന്റ് ആയി മരിച്ചു എന്ന്.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഞാൻ എല്ലാം കേട്ടു. ശവമടക്ക് വൈകുന്നേരം ആയിരുന്നു. വയ്യെങ്കിലും അവസാനമായി സുഹൃത്തിനെ കാണാൻ അച്ഛൻ വന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാനും അവിടെ ചെന്നിരുന്നു. തന്റെ കുടുംബം തകർത്തവന്റെ മരണത്തിൽ കണ്ണ് നിറയ്ക്കുന്ന അച്ഛനെ ഞാൻ കണ്ടു.. പണ്ട് ചെയ്തതിന് എല്ലാം അച്ഛനുള്ള കണക്ക് ഇങ്ങനെ ആയിരിക്കും വീടുന്നത്.. സത്യം പറഞ്ഞാൽ ആ മനസ്സ് കൂടുതൽ വേദനിക്കുമെന്ന് തോന്നിയത് കൊണ്ട് ഞാനും മഹാനും അച്ഛനിൽ നിന്ന് എല്ലാം മറച്ചു വച്ചു.. ആക്‌സിഡന്റിന് പിന്നാലെ പോലീസ് വരുമോ എന്ന് എനിക്കൊരു പേടി ഉണ്ടായിരുന്നു.. മഹാൻ സ്വാധീനവും ഉപയോഗിച്ച് കാണണം. അങ്ങനെ ഒന്നും ഉണ്ടായില്ല.. കൊള്ളി വയ്ക്കാൻ പോലും ഒരു ബന്ധു ഇല്ലാതെ ദേവരാജൻ എന്ന ചെകുത്താൻ ഒടുങ്ങി…