വണ്ടിയിൽ നിന്നും ആളുകൾ ഇറങ്ങി അകത്തേക്ക് വരാൻ തുടങ്ങി. പുറത്തേക്ക് ഇഴഞ്ഞു പോയ ഗുണ്ട പെട്ടന്ന് പിന്നിലേക്ക് തിരിച്ചു ഇഴയാൻ തുടങ്ങി. എന്തോ കണ്ട് പേടിച്ചിട്ടെന്ന പോലെ.. ആരാണ് വന്നിരിക്കുന്നത്..? ഞാൻ വടിവാളിൽ മുറുക്കെ പിടിച്ചു വാതിൽക്കലേക്ക് നോക്കി. താഴെ കിടന്ന ഗുണ്ടയുടെ മുഖത്ത് മരണഭയം ഉണ്ട്.. അയാളുടെ അടുത്തേക്ക് ഒരു കറുത്ത മുണ്ട് ഉടുത്ത മെലിഞ്ഞ ആൾ നടന്നു വന്നത് ഞാൻ കണ്ടു.. കാറിൽ വന്നത് മറ്റാരും അല്ല.. മഹാനാണ്….
എന്റെ കയ്യിൽ മുറുകിയിരുന്ന വടിവാൾ അയഞ്ഞു താഴെ വീണു.. മഹാനെയും കൂടെ ഉള്ളവരെയും കണ്ട് താഴെ വീണു കിടക്കുന്നവർ രക്ഷപെടാൻ വേണ്ടി ഒടിഞ്ഞു ചതഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ അപ്പോളേക്കും ഞങ്ങളുടെ ആൾക്കാർ ഓടിയെത്തി എല്ലാത്തിനെയും ഇടിച്ചു കൂട്ടാൻ തുടങ്ങി. മഹാൻ എന്റെ മുന്നിൽ വന്നു എന്നേ ദേഷ്യത്തോടെ നോക്കി
‘കഴുത…’
മഹാൻ എന്നേ ശകാരിച്ചിട്ട് എന്റെ പിന്നിൽ നിന്ന താടിക്കാരനെ നോക്കി
‘എന്തെങ്കിലും പറ്റിയോടാ…?
‘ഹേയ്.. ഇത് ഒരു പോറലേ ഉള്ളു..’
കൈയിലെ മുറിവിൽ തടവി അയാൾ പറഞ്ഞു. അയാൾ അപ്പോൾ മഹാന്റെ ആളാണോ..?
മഹാൻ നേരെ മുന്നോട്ടു നടന്നു. താഴെ വീണു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ദേവരാജന്റെ അരികിൽ ചെന്നു മുട്ട് വളച്ചു ഇരുന്നു.. ദേവരാജന്റെ തലയിലൂടെ ചോര വാർന്നു ഒഴുകുന്നുണ്ടായിരുന്നു..
‘നിന്നെ എനിക്ക് പണ്ടേ അറിയാമായിരുന്നു ദേവരാജാ…’
മഹാൻ അമർഷത്തോടെ പറഞ്ഞു. അത് അയാൾ കേൾക്കാൻ സാധ്യത ഇല്ല. ജീവനു വേണ്ടി മല്ലിട്ട് കൊണ്ടിരിക്കുകയാണ് അയാൾ. അയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് കണ്ട് മഹാൻ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു..