‘ആ പയ്യൻ അതിന് നമ്മുടെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം പോലും ആയില്ലല്ലോ.. ഇപ്പോളെ ഇത്രയും വലിയൊരു ഉത്തരവാദിത്തം കൊടുക്കണായിരുന്നോ..?
മഹാൻ ആണ് അത് ചോദിച്ചത്..
‘വർഷങ്ങളുടെ വിശ്വസ്‌ഥത ഉള്ളവർ പിന്നെ ബെസ്റ്റ് ആണല്ലോ..’
ഞാൻ തിരിച്ചു പറഞ്ഞു. അച്ഛൻ ഞങ്ങളുടെ രണ്ടാളുടെയും വാദ പ്രതിവാദങ്ങൾ കേട്ട് മൗനിയായി ഇരുന്നു
‘ബിസിനസിന്റെ കാര്യത്തിൽ നമ്മൾ സൗഹൃദം കൊണ്ട് ഇടയ്ക്ക് വെക്കരുത്..’
മഹാൻ എന്നെ ഉപദേശിച്ചു
‘പിന്നെ സജീവിനെ തന്നെ പിടിച്ചു ആ കസേരയിൽ ഇരുത്തണോ..? എനിക്ക് ഇപ്പോൾ അവിടെ വിശ്വാസം അവനെ മാത്രമേ ഉള്ളു..’
‘ഒരു റെയ്ഡ് വന്നപ്പോളേക്കും നിനക്ക് പേടിയായി.. എടാ ഇതൊക്കെ സാധാരണ സംഭവം ആണ്..’
‘ എനിക്ക് പേടിയൊന്നുമില്ല. മഹാൻ ഒന്ന് സൂക്ഷിച്ചോ..? ജോർജ് സാറിന് മഹാനെ ആണ് ഒരു സംശയം…’
ഞാൻ മഹാനെ കളിയാക്കി പറഞ്ഞു.
ഈ സാധാരണ സംഭവത്തിന് പിന്നിൽ വലിയൊരു കളി ഉണ്ടെന്നത് എനിക്ക് മാത്രം അല്ലേ അറിയൂ. അത് അറിഞ്ഞാൽ ഇവരെല്ലാം പേടിക്കും..
‘അവൻ പറഞ്ഞത് പോലെ നടക്കട്ടെടോ.. അവൻ പറയുന്നതിൽ കാര്യമുണ്ട്..’
അത്രയും നേരം മിണ്ടാതെ ഇരുന്ന അച്ഛൻ എനിക്ക് സപ്പോർട്ട് ചെയ്തു സംസാരിച്ചതോടെ മഹാൻ പറച്ചിൽ നിർത്തി. എന്റെ തീരുമാനം ശരിയാണെന്നൊന്നും അച്ഛന് പൂർണമായി വിശ്വാസം ഇല്ലായിരുന്നു. പക്ഷെ കമ്പനിയുടെ കാര്യത്തിൽ ഞാൻ ഉത്തരവാദിത്തം കാണിക്കുന്നതാണ് അച്ഛൻ അങ്ങനെ പറയാൻ കാരണം.. മുമ്പോന്നും കമ്പിനിയെ പറ്റിയും ഓഫിസിനെ പറ്റിയുമൊന്നും ഞാൻ ഇവിടെ വാ തുറക്കാറ് പോലുമില്ലായിരുന്നു..