റോക്കി 6 [സാത്യകി] [Climax]

Posted by

അർജുനോട് ദേഷ്യം ഉള്ള ആരോ ആണ് തന്നെ പിടിച്ചോണ്ട് പോന്നത്. പക്ഷെ തന്നെ പിടിച്ചു കൊണ്ട് വന്നിട്ട് ഇവർക്ക് എന്ത് പ്രയോജനം..? അത്രയും ക്രിമിനൽസിന് ഇടയിൽ തനിയെ നിൽക്കേണ്ടി വന്നപ്പോൾ കൃഷ്ണയ്ക്ക് മുട്ട് കാലിടിക്കുന്ന പോലെ വിറയൽ അനുഭവപ്പെട്ടു.. താൻ കിടക്കുന്ന മുറി പുറത്ത് നിന്നും ലോക്ക് ചെയ്തേക്കുവാണ്. ഈ മുറിയിൽ ഒരു കസേര മാത്രം ഉണ്ട്.. അതിലാണ് താൻ ഇരിക്കുന്നത്.. ഇടയ്ക്ക് വെള്ളം തരാൻ മാത്രം ഒരാൾ കതക് തുറന്നു കയറി വന്നു.. പിന്നെ കതക് അടച്ചിട്ട് വെളിയിൽ പോയി. റൂമിൽ താൻ തനിച്ചാണ് എങ്കിലും അതിന് വെളിയിൽ എല്ലാവരും ഉണ്ട്. അവരുടെ സംസാരവും കൃഷ്ണയ്ക്ക് കേൾക്കാം.. പക്ഷെ അതൊന്നും അവൾക്ക് മനസിലായില്ല..

തന്നെ ഉപദ്രവിക്കാൻ ഇവിടെ ആരും ഇത് വരെ ശ്രമിച്ചില്ല. എന്നാലും എല്ലാവരോടും കൃഷ്ണയ്ക്ക് പേടി തോന്നി. ഏറ്റവും പേടി ആ കൂട്ടത്തിലെ തമിഴ് സംസാരിക്കുന്ന ഒരു കറുമ്പനോട് ആയിരുന്നു. അയാളുടെ നോട്ടം വല്ലാത്ത ടോർച്ചർ ആയിരുന്നു.. ഇടയ്ക്ക് തുറന്നു കിടക്കുന്ന ജനൽ പാളിയിലൂടെ അയാൾ തന്നെ ചിരിച്ചു കൊണ്ട് നോക്കുന്നത് കൃഷ്ണ കണ്ടു. അയാൾ ജനലിന് അരികിൽ വരുമ്പോ എല്ലാം കൃഷ്ണ കിടുകിടാ വിറച്ചു.. പത്രത്താളുകളിൽ പലപ്പോളായി താൻ കണ്ടിട്ടുള്ള വാർത്തകൾ അവളിൽ മിന്നി മറഞ്ഞു.. ക്രൂരമായി പീടിക്കപ്പെട്ട പാവം യുവതികളുടെ കഥകൾ അവളോർത്തു.. നാളെ അങ്ങനെ ഒരു വാർത്തയായി മാറുമോ താനെന്ന് അവൾ പേടിയോടെ ഓർത്തു..

ഈ ഭീകരന്മാർക്ക് നടുവിൽ ആണെങ്കിലും ഈ മുറിയിൽ താൻ അല്പം എങ്കിലും സുരക്ഷിത ആണെന്ന് അവൾക്ക് തോന്നി. ആരെങ്കിലും അകത്തേക്ക് കയറി വന്നാലേ പേടിക്കാൻ ഉള്ളു. എല്ലാവരും പുറത്ത് ആയി കറങ്ങി നടക്കുവാണ്. തന്നെ ഉപദ്രവിക്കാൻ ഇവർക്ക് പദ്ധതി ഉണ്ടാവില്ല.. കൃഷ്ണ സ്വയം ആശ്വസിച്ചു.. പക്ഷെ പുറത്തെ കൊളുത്ത് എടുക്കുന്ന ശബ്ദം കേട്ടപ്പോൾ അവളൊന്ന് ഞെട്ടി.. ആരോ അകത്തേക്ക് വരുന്നു. വെള്ളം തരാനോ മറ്റോ ആവണേ.. കൃഷ്ണ പ്രാർഥിച്ചു.. ആരായാലും ആ തമിഴൻ ആകരുതേ എന്നായിരുന്നു അവൾ മനമുരുകി പ്രാർഥിച്ചത്.. ദൈവം ആ പ്രാർഥന കേട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *