‘എന്നെ ഇവിടെ നിർത്താൻ പേടിയായിട്ടാ നീ പറഞ്ഞു വിടുന്നത് അല്ലേ..? അപ്പോൾ നിന്നെ ഇവിടെ തന്നെ നിർത്തിയിട്ടു ഞാൻ നാട്ടിൽ പോണമെന്നാണോ നീ പറയുന്നത്. നടക്കില്ല..’
ഇഷാനി വാശി പിടിച്ചു
‘ഇതാ നിന്നോട് ഞാൻ ഒന്നും പറയാത്തത്… നിന്നോട് ഇതൊക്കെ പറഞ്ഞാൽ പിന്നെ നീ പേടിക്കും വല്ലാതെ.. പിന്നെ ഞാൻ പറഞ്ഞാലും നീ കേക്കില്ല..’
‘ഈ കാര്യത്തിൽ നീ എന്നെ ഫോഴ്സ് ചെയ്യണ്ട. ഞാൻ വിഷുവിനും പോണില്ല.. ഞാൻ ഇവിടെ നിക്കാൻ പോവാ..’
ഇഷാനി പറഞ്ഞു
‘എന്റെ പൊന്നോ നിനക്ക് വട്ടായോ..? നീ സമ്മതിച്ചാലും ഇല്ലേലും നാളെ നിന്നെ ഒടിച്ചു മടക്കി ഞാൻ നാട്ടിലേക്ക് പാർസൽ ആക്കും..’
ഞാൻ അവളുടെ കൈകളിൽ ഗുസ്തി പിടിക്കുന്നത് പോലെ പിടിച്ചു പറഞ്ഞു
‘കാണാം..’
അവളും തിരിച്ചു ബലം പിടിച്ചു..
ഞങ്ങളുടെ ഗുസ്തി പിടുത്തതിന് ഇടയിൽ ആണ് ഒരു ഫോൺ ബെല്ലടിക്കുന്ന ശബ്ദം ഞങ്ങൾ കേട്ടത്. എന്റെ ഫോണുമല്ല അവളുടെ ഫോണുമല്ല. പിന്നെ ആരുടെ ഫോൺ ആണ് ഇവിടെ ഉള്ളത്. സൗണ്ട് വരുന്നത് പുറത്ത് നിന്നാണ്. ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്റ്റെപ്പിന്റെ സൈഡിൽ ഇരിക്കുന്ന ചെടിച്ചട്ടിയുടെ ഉള്ളിൽ ഒരു ഫോൺ കിടന്നു റിംഗ് ചെയ്യുന്നു.. താഴെ വീണത് പോലെ ആയിരുന്നു ഫോണിന്റെ കിടപ്പ്. ചെറിയൊരു പോറലെ ഉള്ളു. ഗ്ലാസ് പൊട്ടിയിട്ടൊന്നുമില്ല. ഞാൻ ഫോൺ എടുത്തു ആരുടെ കോൾ ആണെന്ന് നോക്കി
ലച്ചു എന്നാണ് കോളിൽ കാണിക്കുന്നത്. ലച്ചു…? ഇത് എന്റെ ലച്ചു ആണല്ലോ.. അവൾ ആരുടെ ഫോണിലേക്ക് ആണ് വിളിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചപ്പോൾ ഇത് കൃഷ്ണയുടെ ഫോൺ ആണെന്ന് മനസിലായി. കൃഷ്ണയുടെ ഫോണിലേക്ക് ലച്ചു വിളിക്കുന്നതാണ്. പക്ഷെ കൃഷ്ണയുടെ ഫോൺ എങ്ങനെ ഇവിടെ വന്നു..? ഇനി കൃഷ്ണ എന്നെ കാണാൻ ഇങ്ങോട്ട് വന്നിരുന്നോ..? ലച്ചു ആയുള്ള പഴയ റിലേഷൻ അറിഞ്ഞത് വച്ചു എന്നെ കാണാൻ അവൾ നേരിട്ട് ഇങ്ങോട്ട് വന്നിരുന്നോ..? എന്നിട്ട് അവൾ എവിടെ…? ഒന്നും പിടികിട്ടാതെ ഞാൻ ഫോൺ എടുത്തു