ആരാണ് വന്നതെന്ന് അറിയാൻ അവൾ ജനൽ വഴി നോക്കി. ബൈക്കിന്റെ ശബ്ദം ഇല്ലാഞ്ഞത് കൊണ്ട് അർജുൻ അല്ല വന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ആണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് അവൾക്ക് മനസിലായത്. കയ്യിലൊരു കവറുമായി പുറത്ത് നിൽക്കുന്ന വള്ളി രാഹുലാണ്. അവൾ കതക് തുറന്ന് അവനെ അകത്തേക്ക് വിളിച്ചു
‘അവനെവിടെ..?
രാഹുൽ ചോദിച്ചു
‘പുറത്തോട്ട് പോയി.. നീ ചുമ്മാ വന്നതാണോ..?
ഇഷാനി ചോദിച്ചു
‘ചുമ്മാ അല്ല.. ഇത് തരാൻ വന്നതാ.. ആറ്റു മീനാണ്.. നീ പോകുന്നേനു മുന്നേ മീൻ കറി വെക്കണം എന്ന് അവൻ പറഞ്ഞിരുന്നു. കിട്ടിയപ്പോൾ ഞാൻ കയ്യോടെ കൊണ്ട് വന്നതാ..’
രാഹുൽ കയ്യിലിരുന്ന കവർ അവൾക്ക് കൊടുത്തു
‘നിനക്ക് ഇതൊക്കെ വെട്ടി കൊണ്ട് വന്നൂടെ.. വെറുതെ എന്നെ കഷ്ടപ്പെടുത്താണോ..?
ഇഷാനി തമാശയായ് ചോദിച്ചു
‘അയ്യടാ.. രണ്ടും കൂടെ ഇരുന്ന് അങ്ങ് വെട്ടിയാൽ മതി.. ആട്ടെ അവനെവിടെ പോയതാ..?
രാഹുൽ ചോദിച്ചു
‘അവൻ ശിവാനിയുടെ അടുത്ത് വരെ..?
രാഹുലിന്റെ മുഖഭാവം മാറുന്നുണ്ടോ എന്നറിയാൻ ഇഷാനി അവനെ സൂക്ഷിച്ചു നോക്കി. അവന്റെ മുഖത്ത് എന്ത് എക്സ്പ്രഷൻ ഇടുമെന്നുള്ള കൺഫ്യൂഷൻ ആണ്..
‘ഓ..’
രാഹുൽ ഒന്ന് മൂളുക മാത്രം ചെയ്തു
‘അതാരാ അവന്റെ..?
ഇഷാനി വളച്ചു കെട്ടാതെ നേരെ ചോദിച്ചു
‘ആര്…?
കാര്യം അറിയാത്ത പോലെ അവൻ ചോദിച്ചു
‘ശിവാനി എന്ന് പറയുന്ന കുട്ടി.. അത് അവന്റെ ആരാണെന്ന്…?
ഇഷാനി അവന്റെ മുഖത്ത് നോക്കി ചോദിച്ചു
‘അത് എന്തിനാ നീ എന്നോട് ചോദിക്കുന്നെ.. അവനോട് ചോദിച്ചാൽ പോരെ..?
രാഹുൽ ചോദിച്ചു