‘അവിടെ എന്തോ സീനുണ്ട്.. എനിക്ക് ഉറപ്പാണ്.. നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കിയാലോ..’
ഫൈസി എന്നോട് ചോദിച്ചു..
നഗരത്തിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയുള്ള സ്‌ഥലമാണ്. അടുത്തൊന്നും വീടുകൾ ഇല്ല. അത്യാവശ്യം കാട് പിടിച്ചു കിടക്കുന്ന സ്‌ഥലം ആണ്. ഇപ്പോൾ തന്നെ സന്ധ്യ ആയി. ഭയം അല്ലെങ്കിലും ഈ സമയം അപരിചിതമായ അവിടേക്ക് പോകുന്നത് ശരിയല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. ഞങ്ങളുടെ ഊഹങ്ങൾ ശരിയാണെങ്കിൽ കളിക്കുന്നത് തീക്കൊള്ളി കൊണ്ടാണ്. അപ്പോൾ എടുത്തു ചാടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് ആണ് ബുദ്ധി. അവിടെ പോകുന്നത് നാളത്തേക്ക് മാറ്റമെന്ന് ഞാൻ അവനോട് പറഞ്ഞു. ഇപ്പോൾ തന്നേ പോകാമെന്നു അവൻ വാശി പിടിച്ചെങ്കിലും ഞാൻ അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. അഡ്രിനാലിൻ റഷ് കേറിയാൽ ഫൈസി ഒരു അര പ്രാന്തൻ ആണ്….
പിറ്റേന്ന് ഉച്ച കഴിഞ്ഞാണ് ഞങ്ങൾ അവിടെ എത്തിയത്. അടുത്തൊന്നും വേറൊരു മനുഷ്യക്കുഞ്ഞു പോലുമില്ല. അഥവാ ആരെങ്കിലും ഉണ്ടേൽ കമ്പിനിക്ക് അകത്തെ ഉള്ളു.. ഞങ്ങൾ അടച്ചിട്ട ഗേറ്റിനു മുന്നിൽ നിന്നു. പൂട്ടുണ്ട്. അത് കൊണ്ട് മതിൽ ചാടി കേറലെ നടക്കൂ.. പക്ഷെ ചുമ്മാ അങ്ങ് ചാടി കേറാതെ ഞാൻ കുറച്ചു നേരം ഗേറ്റിന് അടുത്ത് തന്നെ നിന്ന് അവിടം നിരീക്ഷിച്ചു.. ഇവിടെ ആളുകൾ വന്നു പോകുന്നുണ്ട് എന്നത് ഉറപ്പാണ്. കാരണം കമ്പിനി അടച്ചു പൂട്ടി കിടന്നത് പോലെ അല്ല ഇപ്പോൾ കാണുമ്പോൾ. ആരോ ഇവിടെ സ്‌ഥിരം വന്നു പോകുന്നുണ്ട്.. അല്ലെങ്കിൽ ഇവിടെ താവളം അടിക്കുന്നുണ്ട്..