ഒരു അദൃശ്യനൂലിൽ ബന്ധിച്ച പോലെ ഞാൻ അയാൾക്ക് പിന്നാലെ നടന്നു. മരിക്കാനുള്ള പെഴച്ച മോഹം ഉപേക്ഷിച്ചു കൺകെട്ടുന്ന മഞ്ഞിൽ ആ അപരിചിതനെ ഞാൻ അനുഗമിച്ചു.. ഇത്രയും ഉണ്ടായിരുന്നുള്ളോ മരിക്കാനുള്ള എന്റെ വ്യഗ്രത..? ഞാൻ അത്ഭുതത്തോടെ ഓർത്തു.. ഏതോ ഒരാൾ വന്നു രണ്ട് ഡയലോഗ് അടിച്ചപ്പോ പോകാനുള്ളത്ര സ്പിരിറ്റ് മാത്രേ തനിക്ക് ചാകാൻ ഉള്ളായിരുന്നു എന്നെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അയാളുടെ വാക്കുകൾ അല്ല മറ്റെന്തോ അദൃശ്യപ്രേരണ ആണ് എന്നെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത് എന്ന് എനിക്ക് തോന്നി..
കനത്ത മഞ്ഞ് മൂലം എന്റെ മുന്നിൽ നടക്കുന്ന ആളിന്റെ രൂപമോ പ്രായമോ ഒന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. കൈകൾ ഉരസി ചൂട് പിടിപ്പിച്ചു ഞാൻ അയാൾക്കൊപ്പം എത്താൻ നടത്തം വേഗത്തിൽ ആക്കി.. പക്ഷെ ഒരു മരീചിക പോലെ അയാൾ എന്റെ കണ്മുന്നിൽ നിന്നും മറഞ്ഞു. ഏതാനും നിമിഷങ്ങൾ മുമ്പ് വരെ അയാൾ എനിക്ക് മുന്നിൽ ഉണ്ടായിരുന്നതാണ്. മൂടൽ മഞ്ഞ് കണ്ണിൽ കയറി കണ്ണ് അടച്ചു തുറന്ന സമയം കൊണ്ട് അയാളെ കാണാനില്ല.. ഈ സമയം കൊണ്ട് തന്നെ ഞാൻ ക്ഷേത്രപരിസരത്തിന് അടുത്ത് എത്തിയിരുന്നു..അവിടെ എത്തിയപ്പോൾ മൂടൽ മഞ്ഞിനു ശമനം ഉണ്ടായിരുന്നു.. കാഴ്ചകൾ ഇപ്പോൾ വ്യക്തമാണ്. ഞാൻ ചുറ്റും നോക്കി.. ഇല്ല.. കൂടെ നടന്ന ആളെ ഇവിടെ ഒന്നും കാണുന്നില്ല.. അവിടെ ആകെ കണ്ടത് മലമുകളിലേക്ക് ഞാൻ വന്ന ചെറിയ നടപ്പാതയും അതിന് ഇരുവശത്തുമുള്ള ചെറിയ മരങ്ങളും ഒരല്പം അകലെയായി തലയുയർത്തി നിൽക്കുന്ന ക്ഷേത്രവും…