‘അർജുൻ വാ..’
എന്തോ പ്രശ്നം ആണെന്ന് കരുതി ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. അവളുടെ മുഖത്ത് ലച്ചുവിനോട് ഒടുക്കത്തെ ദേഷ്യം ഉണ്ടായിരുന്നു..
‘എടി പ്രശ്നം ഒന്നുമില്ല..’
ഞാൻ ഇഷാനിയെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു
‘വേഗം ചെല്ലടാ.. അവൾ പേടിച്ചു..’
ലച്ചു ചിരിച്ചു കൊണ്ട് ഇഷാനിയെ നോക്കി പറഞ്ഞു. ഇഷാനിയെ ചെറുതായി ഒന്ന് കളിയാക്കിയത് ആണ് ലച്ചു. എന്തൊക്കെ ആണേലും എന്റെ കാര്യത്തിൽ ഇപ്പോളും ഒരു കുശുമ്പ് ലച്ചുവിന് ഇവളോട് ഉണ്ട്..
‘നീ വലിയ ആൾ കളിക്കരുത്.. കല്യാണവീട് ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.. ഇനി അവന്റെ ദേഹത്ത് തൊട്ടാൽ ആണ്..’
ഇഷാനി ദേഷ്യത്തിൽ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു
‘എടി അതല്ല..’
ഞാൻ ഇഷാനിയെ പറഞ്ഞു മനസിലാക്കാൻ നോക്കി
‘നീ ഒന്നു വന്നെ..’
ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു
‘ നീ ഇങ്ങനെ പേടിക്കാതെ ഞാൻ അവനെ തല്ലിയത് ഒന്നുമല്ല. അതൊക്കെ കൊടുക്കാൻ ഉള്ളപ്പോ കൊടുത്തിട്ടുണ്ട്..’
ലച്ചു പിന്നെയും ഇഷാനിയെ മൂപ്പിച്ചു
‘അവന്റെ ദേഹത്ത് എങ്ങാനും നീ ഇനി തൊട്ടാൽ നിന്നെ കൊല്ലും ഞാൻ…’
ഇഷാനി ശരിക്കും ഭദ്രകാളിയേ പോലെ വിറച്ചു കൊണ്ട് പറഞ്ഞു
‘ഓ പിന്നെ.. അതൊന്ന് കാണണമല്ലോ…’
നാട്ടുമ്പുറത്തുകാരി തൊട്ടാവാടി പെണ്ണ് തന്നോട് തട്ടിക്കയറിയപ്പോ ലച്ചു വാശിപ്പുറത്തു കൈ നീട്ടി എന്നെ ഒന്ന് തൊടാൻ ഭാവിച്ചു. ഇഷാനിയേ ഒന്ന് കൂടി ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു അവളുടെ ഉദ്ദേശം. പക്ഷെ ഇഷാനി എത്രമാത്രം ദേഷ്യത്തിൽ ആയിരുന്നു എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഊഹിക്കാൻ കഴിഞ്ഞില്ല.. എന്നെ തൊടാൻ ലച്ചു കൈകൾ ഉയർത്തിയപ്പോൾ തന്നെ ഇഷാനി അവളുടെ മുഖത്ത് ആഞ്ഞടിച്ചു..