അവര് പോയി കഴിഞ്ഞും ഞാൻ കുറെ നേരം കൂടി കുളത്തിൽ കിടന്നു. അനങ്ങാതെ അലസമായി ചെറു ചൂടുള്ള ആ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കാൻ നല്ല സുഖമുണ്ട്. ദൂരെ അമ്പലത്തിൽ നിന്ന് റെക്കോർഡ് ഇടുന്നത് കേൾക്കാം.. ഓളങ്ങൾ ഇല്ലാതെ നിശ്ചലമായ ജലോപരിതത്തിൽ തല ചായ്ച്ചു ആ ഗന്ധർവ്വ സംഗീതം ആസ്വദിച്ചു ഞാൻ മുങ്ങിക്കിടന്നു
“നിന്റെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു..”
വൈകിട്ട് ഇഷാനിക്ക് ഒപ്പം അമ്പലത്തിലേക്ക് പോകാമെന്നാണ് പ്ലാൻ ഇട്ടതെങ്കിലും അത് നടന്നില്ല. ഇഷാനി ഒക്കെ താലം എടുക്കുന്നത് കൊണ്ട് അവരെല്ലാം ഒരുമിച്ച് അതിന് വേണ്ടി പോകുമെന്ന് എന്നോട് പറഞ്ഞു. ഞാൻ പോസ്റ്റ് ആകുമോ എന്ന് കരുതി നിൽക്കുമ്പോ ഉണ്ണി വീട്ടിലേക്ക് വന്നു. ഞാൻ പിന്നെ അയാളുടെ കൂടെ കൂടി. അയാൾക്കൊപ്പം അവിടെ എല്ലാം കറങ്ങി സന്ധ്യയോടെ ഞങ്ങൾ അമ്പലത്തിൽ എത്തി. അപ്പോളേക്ക് പാർവതിയുടെ ഭർത്താവും അവിടെ എത്തിയിരുന്നു. പുള്ളിക്കും ഞങ്ങളുടെ കാര്യം അറിയാമായിരുന്നു. എനിക്ക് പുള്ളിയെ അന്ന് കല്യാണത്തിന് കണ്ട പരിചയമേ ഉള്ളു. എന്തായാലും പോസ്റ്റ് ആവാതെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് താലപ്പൊലി അമ്പലത്തിലേക്ക് വരുന്നത്.
ചെണ്ട മേളവും അമ്മൻ കുടവും ഒക്കെ കഴിഞ്ഞു അവസാനമാണ് താലപ്പൊലി അമ്പലത്തിലേക്ക് കയറുന്നത്. അതിനും പിന്നിലാണ് എഴുന്നള്ളത്തിൽ ആന കയറുന്നത്. അത്യാവശ്യം വലിയ താലം തന്നേ ആയിരുന്നു. പല പ്രായത്തിൽ ഉള്ള സ്ത്രീകൾ അതിൽ ഉണ്ടായിരുന്നു. ചെറിയ കുട്ടികൾ പൂത്താലവും മുതിർന്നവർ തീ താലവും ആണ് എടുക്കുന്നത്.. എല്ലാവരും കടന്ന് കടന്നു പോയി താലത്തിന്റെ വരി തീരാറാകുമ്പോൾ ആണ് ഇഷാനി ഒക്കെ..