‘ആയിട്ട് ഉണ്ട്..’
ജീവ സൗമ്യമായി പറഞ്ഞു
‘ലൈഫ് ഒക്കെ എങ്ങനെ പോകുന്നു..’
‘സുഖം.. അങ്ങനെ ഒക്കെ പോകുന്നു..’
ഞാൻ മറുപടി കൊടുത്തു.
‘സന്തോഷം.. താൻ ഒരിക്കൽ എല്ലാം ഓവർക്കം ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്തായാലും ജീവിക്കാനുള്ള ഒരു കാരണം താൻ കണ്ടു പിടിച്ചല്ലോ…’
ഞങ്ങളുടെ പഴയ സംഭാഷണത്തിന്റെ ബാക്കി ജീവ എന്നേ ഓർമ്മിപ്പിച്ചു. കുടുംബം നഷ്ടമായി ജീവിതം വെറുത്തിരുന്ന എന്നോട് ജീവിതത്തിൽ ഇനിയും പ്രതീക്ഷകൾ വരുമെന്ന് ആദ്യം പറഞ്ഞത് ജീവ ആയിരുന്നു. അന്ന് അയാളെ ഞാൻ വിശ്വസിച്ചില്ല ഇപ്പൊ അത് സത്യം ആയിരിക്കുന്നു
‘ ആഹ്.. അതെ..’
ഞാൻ അത്രയുമേ പറഞ്ഞുള്ളു.
ഞങ്ങളെ രണ്ട് പേരെയും നോക്കി ജീവ ചിരിച്ചു. ഇഷാനിയുടെ കൈകളിലെ രുദ്രാക്ഷത്തിലേക്ക് നോക്കിയപ്പോ ആ യുവസന്യാസി മന്ദഹസിച്ചു. ഞങ്ങളെ രണ്ട് പേരെയും ആശീർവദിച്ചിട്ട് ആണ് ജീവാനന്ദൻ ഞങ്ങളെ യാത്ര ആക്കിയത്. തിരികെ വീട്ടിലേക്ക് ചെല്ലുമ്പോളും അയാളെ അവിടെ കണ്ടത് വലിയ അത്ഭുതം ആയി എനിക്ക് തോന്നി.
‘സ്വാമിമാർ ഒക്കെ ആയി പരിചയം ഉണ്ടല്ലേ..’
തിരികെ പോരുമ്പോ ഇഷാനി എന്നോട് ചോദിച്ചു. ഞാൻ അവളോട് മറുപടി ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എന്റെ ചിന്തകൾ അന്നത്തെ ആശ്രമജീവിതത്തിലൂടെ ഒക്കെ പിന്നെയും സഞ്ചരിക്കുകയായിരുന്നു…
തിരിച്ചു ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോ എല്ലാവരും അമ്പലത്തിൽ ആയിരുന്നു. ഞങ്ങളും അങ്ങോട്ട് പോയി. അവിടെ രാത്രിയിൽ ഭക്ഷണം ഉണ്ടായിരുന്നു. അത്താഴം അത് കൊണ്ട് അമ്പലത്തിൽ നിന്നായിരുന്നു. പത്തു മണി ഒക്കെ കഴിഞ്ഞാണ് അമ്പലത്തിൽ നിന്നും തിരിച്ചു പോന്നത്. ഞാൻ കിടക്കാൻ ആയി ഇഷാനിയുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പുറത്ത് നിന്നും ആരോ വിളിച്ചു. ഉണ്ണികൃഷ്ണൻ ആയിരുന്നു അത്..