അവർക്കെല്ലാം സമ്മതം ആയിരിക്കുന്നു. എന്ത് കണ്ടിട്ടാണ് എന്നേ ഓക്കേ പറഞ്ഞത് എന്ന് അവരോട് ചോദിക്കണം എന്നുണ്ട്. പിന്നെ അത് ചോദിച്ചു വില കളയണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടിയില്ല. വാതിൽക്കൽ വന്നു നിന്ന് രവിയമ്മ അപ്പോൾ എന്നേ നോക്കി പറഞ്ഞു
‘അവിടെ പഠിക്കാൻ പോയപ്പോളെ ഞങ്ങൾ ഇവിടെ തമാശക്ക് പറയുമായിരുന്നു അവിടുന്ന് ചെക്കനെ ഒന്നും കണ്ടു പിടിച്ചോണ്ട് വരല്ലേ എന്ന്. അവൾ അത് പോലെ തന്നേ ചെയ്തു..’
തമാശയായി രവിയമ്മ അത് പറഞ്ഞു. കാര്യങ്ങൾ എല്ലാം ഓക്കേ ആയപ്പോൾ കൂടി നിന്ന മാമന്മാർ എല്ലാം പിരിഞ്ഞു പോകാൻ തുടങ്ങി. ചോദ്യം ചോദിച്ചു കലിപ്പ് കയറ്റിയ അമ്മാവൻ പോകുന്നതിന് മുന്നേ എന്നേ മൊത്തത്തിൽ ഒന്ന് നോക്കിയിട്ടാണ് പോയത്. അങ്ങേർക്ക് മാത്രം എന്നേ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. എല്ലാവരും പോയി കഴിഞ്ഞു ഞാൻ അവളുടെ വീട്ടുകാർ ആയി പിന്നെയും സംസാരിച്ചു. ഒരു ദിവസം അച്ഛനെ ഇങ്ങോട്ട് വിടണം എന്ന് രവിയച്ഛൻ പറഞ്ഞു. എല്ലാം ഓക്കേ ആയ സ്‌ഥിതിക്ക് അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങാൻ ഞാൻ തുടങ്ങി
‘ഇനിയിപ്പോ സന്ധ്യ ആകാറായില്ലേ.. നാളെ ഉത്സവം കൂടെ കഴിഞ്ഞിട്ട് ഒരുമിച്ച് പോകാം നിങ്ങൾക്ക്. ഇവിടെ കൂടാം..’
ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു അത്. രണ്ട് ദിവസം ആണേലും അവളെ ഇവിടെ വിട്ടിട്ട് പോരാൻ എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ അവര് എന്നേ ഇവിടെ താമസിപ്പിക്കാൻ മാത്രം മുതിരുമെന്ന് ഞാൻ കരുതിയില്ല. ഇഷാനി എന്തോ കളി കളിച്ചിട്ടുണ്ട്. അല്ലേൽ ഇങ്ങനെ ഒന്നും ഇവർ പറയില്ല.. അവരുടെ നിർബന്ധത്തിൽ ഞാൻ അവിടെ നിൽക്കാൻ സമ്മതിച്ചു.