അകത്തെ ആ സംഭാഷണം ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞു അവരെല്ലാം പുറത്തു വന്നപ്പോൾ അത് വരെ ഉണ്ടായിരുന്ന മുഖഭാവം ആയിരുന്നില്ല അവർക്ക് ആർക്കും. പെട്ടന്ന് എന്നോട് ഒരു താല്പര്യം വന്നത് പോലെ എനിക്ക് തോന്നി. കുറച്ചു മുന്നേ ഉണ്ടായിരുന്ന ചെറിയ എതിർപ്പ് പോലും അവരുടെ സംസാരത്തിൽ ഇല്ല. ഇഷാനി എല്ലാം റെഡി ആക്കാമെന്ന് പറഞ്ഞപ്പോ അതെങ്ങനെ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അവളത് റെഡി ആക്കിയിട്ടും എങ്ങനെ എന്ന ചോദ്യം എന്റെ ഉള്ളിൽ നിലനിന്നു. എന്റെ കാശും സ്റ്റാറ്റസും കേട്ടപ്പോൾ അവർക്ക് മനസ് മാറിയത് ആണോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെ വരാൻ സാധ്യത ഇല്ല. ഇവരൊക്കെ കാശിനെക്കാൾ തറവാടിത്തം നോക്കുന്ന ആളുകൾ ആണ്. പിന്നെ എന്താണാവോ ഇപ്പൊ എല്ലാവർക്കും ഒരു ചേഞ്ച്
ഞാൻ അത് ആലോചിച്ചു കൊണ്ട് ഇരിക്കവേ രവിയച്ഛൻ വന്നു എന്റെ അരികിലുള്ള കസേരയിൽ ഇരുന്നു
‘ഇങ്ങനെ പെട്ടന്ന് വന്നു കാര്യം അവതരിപ്പിച്ചത് കൊണ്ടാട്ടോ ഞങ്ങൾ ഒക്കെ ഒന്ന് ഷോക്കായെ.. ഒന്നും തോന്നരുത്..’
രവിയച്ഛൻ പറഞ്ഞു
‘അത് കുഴപ്പമില്ല..’
ഞാൻ പറഞ്ഞു
‘അവളെ ഞാൻ എന്റെ സ്വന്തം മോളെ പോലെ ആണ് കണ്ടിട്ടുള്ളെ. അവരെക്കാൾ സ്നേഹിച്ചെങ്കിലെ ഉള്ളു. ഇത് വരെ മുഖം കറുപ്പിച്ചു പോലും ഞാൻ അവളോട് സംസാരിച്ചിട്ടില്ല.. അവളുടെ കാര്യങ്ങൾ ഒക്കെ മോനു അറിയാമായിരുക്കുമല്ലോ…’
രവിയച്ഛൻ പറഞ്ഞു. ഇഷാനിയുടെ അച്ഛനെ കുറിച്ച് ഒക്കെയാണ് പുള്ളി പറഞ്ഞത്. അത് പറഞ്ഞപ്പോ വാതിൽക്കൽ തൂക്കി ഇട്ടിരിക്കുന്ന ആ ഫോട്ടോയിലേക്ക് അദ്ദേഹം ഒന്ന് നോക്കി
‘ചെറുപ്പം തൊട്ടേ അവൾ ഒന്നും ഞങ്ങളോട് ആവശ്യപ്പെടാറില്ല. അങ്ങനെ ഒരു സ്വഭാവം അവൾക്കില്ല. ആകെ അവൾ എന്നോട് വാശി പിടിച്ചത് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ എറണാകുളം പോയി നിന്ന് പഠിക്കണം എന്നായിരുന്നു. അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ അവളുടെ ആഗ്രഹത്തിന് ഞങ്ങൾ എതിർ നിന്നില്ല. പിന്നെ അവൾ ചോദിച്ചത് ഇതാണ്. ഇതിലും ഞങ്ങൾ അവളുടെ ആഗ്രഹത്തിന് കൂടെ കാണും..’
രവിയച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു