‘ഇപ്പൊ എന്ത് ചെയ്യുന്നു..?
എന്നേ നിരന്തമായി ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന ഒരു അമ്മാവൻ ആണ് അത് ചോദിച്ചത്. പുള്ളിക്ക് എന്നേ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു
‘ഞാൻ ബിസിനസ് ആണ്..’
ഇഷാനി പറഞ്ഞത് പോലെ തന്നെ ഞാൻ എല്ലാം മറുപടി കൊടുത്തു
‘എന്ത് ബിസിനസ് ആണ്…?
അങ്ങേര് പിന്നെയും കുത്തി കുത്തി ചോദിച്ചു. കയ്യിലിരുന്ന കാലൻ കുട പിടിച്ചു വാങ്ങി അയാളുടെ തലയ്ക്കിട്ട് ഒന്ന് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ സംയമനം പാലിച്ചു ഞാൻ ഉത്തരം കൊടുത്തു
‘ഫാമിലി ബിസിനസ് നോക്കി നടത്തുന്നു. ഞങ്ങൾക്ക് എക്സ്പോർട്ടിങ് കമ്പനീസ്, പെട്രോൾ പമ്പ് ഒക്കെയുണ്ട്. അതൊക്കെ നോക്കി നടത്തുന്നു..’
അതിനും മറുപടി കിട്ടിയപ്പോ കമ്പിനിയെ പറ്റി കൂടുതൽ വിവരങ്ങൾ ഒക്കെ അവര് തിരക്കാൻ തുടങ്ങി. ഞാൻ പറഞ്ഞത് അത്ര വിശ്വാസം വരാത്ത രീതിയിൽ.. ഞാൻ കമ്പനിയുടെ പേരും വിവരവും എല്ലാം പറഞ്ഞു. അപ്പോളേക്ക് ഉണ്ണികൃഷ്ണൻ അവിടേക്ക് വന്നു. ഇയാളുമായി ഇഷാനിയെ കല്യാണം കഴിപ്പിക്കണം എന്നാണ് ഇവരുടെ ഒക്കെ ആഗ്രഹം. എന്നോട് സംസാരിച്ച മാമന്മാരിൽ ഒരാൾ ഉണ്ണിയുടെ അച്ഛനാണ്. ആയാളെ കണ്ടപ്പോൾ ഞാൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു. അവന്റെ മുഖത്തും ഒരു ചെറിയ ചിരി വന്നു. വരുത്തിയത് ആകും എന്നേ പോലെ..
‘നമ്മുടെ തോട്ടുങ്കലെ ശശിയുടെ മോൻ എറണാകുളത്തല്ലേ…?
ഞാൻ കമ്പനിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ അവര് പരസ്പരം ചോദിച്ചു
‘അവൻ തൃപ്പൂണിതുറ ആണ്..’
ഉണ്ണികൃഷ്ണൻ ആണ് അത് പറഞ്ഞത്
‘കൈതേരി എന്ന് പറയുമ്പോ ആ പേരിൽ വേറൊരു കമ്പിനി ഇല്ലേ..? പണ്ട് ന്യൂസ് ഒക്കെ സ്‌ഥിരം വന്നിരുന്നെ..? എന്തോ ബാർ സംബദ്ധമായ വിഷയം ആയിരുന്നു എന്ന് തോന്നുന്നു. ഓർമ കിട്ടുന്നില്ല. കുറച്ചു വർഷം ആയി..’
കൂട്ടത്തിൽ ഒരാൾ എന്നോട് ചോദിച്ചു.