‘ചേട്ടനതൊന്നും കുഴപ്പമുള്ള കാര്യമല്ല..’
ഇഷാനി ഇവിടെ വച്ചു എന്നെ ചേട്ടൻ എന്നാണ് വിളിക്കാൻ പോകുന്നത് എന്ന് പറഞ്ഞിരുന്നു. ഇവിടെ ഉള്ളവർക്ക് ഒന്നും ഭർത്താവിനെ പേര് എടുത്തു വിളിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. അത് കൊണ്ട് എന്നോടും ഇഷാനി ഒരു ബഹുമാനം വച്ചാണ് സംസാരിച്ചത്..
അവരുടെ തുടർന്നുള്ള സംസാരത്തിൽ നിന്ന് അരും കാര്യം അറിഞ്ഞിട്ടില്ല എന്ന് ഇഷാനിക്ക് മനസിലായി. പാറു എല്ലാം അവതരിപ്പിച്ചേക്കാം എന്ന് പറഞ്ഞതാണ്
‘നീ ഒന്നും പറഞ്ഞില്ലേ പാറു…?
ഇഷാനി പാർവതി ചേച്ചിയോട് ചോദിച്ചു
‘സോറിയെടി.. ഞാൻ പറയാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു..’
പാറു പറഞ്ഞു. അപ്പോളാണ് പറയാതെ വച്ച ആ കാര്യം എല്ലാവരും അറിയുന്നത്. തിണ്ണയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്ന രവിയച്ഛനെ ശ്രുതി വന്നു അകത്തേക്ക് വിളിച്ചു. പിന്നെ അവര് അകത്തു ചർച്ച ഒക്കെ ആയി. അവരായി ഒരു ആലോചന ശരിയാക്കി വന്നപ്പോൾ ഇഷാനി സ്വന്തം ഇഷ്ടം കാണിച്ചത് അവർക്ക് ചെറിയൊരു ഇഷ്ടക്കുറവ് ഉണ്ടാക്കി..
കുറച്ചു സമയം കൊണ്ട് തന്നെ ഒരു പെണ്ണ് കാണാൻ വന്ന അവസ്‌ഥ ആ വീടിന് ഉണ്ടായി. ഇഷാനിയുടെ അടുത്ത ബന്ധുക്കൾ ഒക്കെ അവിടേക്ക് വന്നു. ഉത്സവം ആയത് കൊണ്ട് മിക്കവരും വീട്ടിൽ ഒക്കെ തന്നെ ഉണ്ടായിരുന്നു. മൂന്നാല് പേർക്കിടയിൽ ഇരുന്നു അവരോടെല്ലാം ചോദിക്കുന്നതിനു മറുപടി പറയുന്നത് അരോചകം ആയി എനിക്ക് തോന്നി. പക്ഷെ വേറെ വഴിയില്ലല്ലോ..
‘ഇഷ മോളുടെ ക്ലാസ്സിൽ ആണോ..?
ആ കൂട്ടത്തിലെ ഒരു മാമൻ ചോദിച്ചു
‘അല്ല. ഞാൻ അവളുടെ സീനിയർ ആയിരുന്നു..’