അവളോട് എല്ലാം സംസാരിച്ചു മാറ്റിയെടുക്കണം എന്ന് അർജുൻ തീരുമാനിച്ചു. അത് ഉറപ്പിച്ചു തന്നെ ആണ് പിറ്റേന്ന് കോളേജിലേക്ക് പോയത്. മാനസികമായി അതിനൊരു തയ്യാറെടുപ്പും അർജുൻ നടത്തിയിരുന്നു.. എന്നാൽ കോളേജിൽ എത്തുന്നതിനു തൊട്ട് മുമ്പാണ് അർജുന് ഓഫിസിൽ നിന്നും ഫോൺ വന്നത്.. വളരെ അർജെന്റ് ആയി ഓഫിസിൽ എത്തണം എന്നായിരുന്നു കോളിൽ. ഫൈസി കൂടി വിളിച്ചു അത് തന്നെ പറഞ്ഞതോടെ എന്തോ സീരിയസ് മാറ്റർ ആണെന്ന് അർജുന് മനസിലായി.
ഓഫിസിൽ എത്തിയപ്പോൾ ആണ് അവിടെ പതിവില്ലാതെ കുറച്ചു വണ്ടികൾ കിടക്കുന്നത് അർജുൻ കണ്ടത്. എക്സൈസ് ന്റെ വണ്ടിയാണ്. അതിന് നമ്മുടെ സ്‌ഥാപനത്തിൽ എന്ത് റോൾ എന്ന് കരുതി ഓഫിസിലേക്ക് ചെന്ന അർജുനെ എതിരേറ്റത് എക്സൈസ് ന്റെ ഒരു ഉന്നത ഉദ്യോഗസ്‌ഥൻ ആയിരുന്നു. ജോർജ് എന്ന് പേര് പറഞ്ഞു അയാൾ സ്വയം പരിചയപ്പെടുത്തി..
‘അർജുൻ അല്ലേ…?
അയാൾ അർജുനെ അടിമുടി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു
‘അതേ.. എന്താ കാര്യം…?
‘പറയാം.. വരൂ…’
ജോർജ് സാർ ഓഫിസിന് ഉള്ളിലേക്ക് എന്തോ അധികാരത്തിൽ നടന്നു..
അയാൾ പറയുന്നതിന് മുമ്പ് തന്നെ എനിക്ക് കാര്യങ്ങൾ ചെറുതായി വ്യക്തമായി തുടങ്ങി.. ഞങ്ങളുടെ ഓഫിസിൽ ചെക്കിങ് നടക്കുന്നതാണ് വിഷയം. എക്സൈസ് ന് ചെക്ക് ചെയ്യാൻ മാത്രം ഇവിടെ എന്ത് ഗുലുമാൽ ആണ് ഉള്ളതെന്ന് ഞാൻ ആലോചിച്ചു. പക്ഷെ കാര്യങ്ങൾ ഞാൻ ആലോചിച്ചതിനേക്കാൾ ഗുരുതരമായിരുന്നു. ഞങ്ങളുടെ ഒട്ടുമിക്ക സ്‌ഥാപനങ്ങളിലും ഗോഡൗണിലും ഒരേ സമയത്തു ഇൻസ്‌പെക്ഷൻ നടക്കുന്നുണ്ട്. മഹാൻ വിളിച്ചപ്പോൾ ആണ് എനിക്ക് അത് മനസിലായത്. ഇവരുടെ ഇടയിൽ നിന്ന് അധികം ഫോണിൽ സംസാരിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ കൂടുതൽ വിവരങ്ങൾ തിരക്കാൻ പോയില്ല. അച്ഛനെ അറിയിക്കണ്ട എന്ന് മാത്രം മഹാനോട് പറഞ്ഞിട്ട് ഞാൻ കോൾ കട്ട് ചെയ്തു.