അമ്മ.., അച്ഛൻ.., അനി.., രാഖി.., അനാരാ മോൾ.., മഹാൻ…. അങ്ങനെ ഒരുപാട് മുഖങ്ങൾ..
ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു പെരുവിരലിൽ ഊന്നി മുന്നോട്ടു ചാടാൻ തയ്യാറായി.. പെട്ടന്ന് പിന്നിൽ നിന്നും ഒരു ശബ്ദം എന്റെ ആ ഉദ്യമത്തെ തടഞ്ഞു
‘യാര് അങ്കെ…?
‘ഞാൻ.. ഞാൻ…’
എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പറയാതെ തന്നെ എനിക്ക് താഴെ കൊക്കയിലേക്ക് ചാടാമായിരുന്നു. പക്ഷെ എന്ത് കൊണ്ടോ ഞാൻ അത്ര ധൃതി കാട്ടിയില്ല
‘എന്നെ കുതിക്ക പോറിങ്കളാ…?
അയാൾ പിന്നെയും ചോദിച്ചു.. എന്റെ ഉദ്ദേശം അയാൾക്ക് മനസിലായിട്ടുണ്ട്. ഞാൻ പിന്തിരിഞ്ഞു അയാളെ നോക്കി. കുറച്ചു അകലത്തിലായി ആണ് അയാൾ നിൽക്കുന്നത്. മഞ്ഞുള്ളത് കൊണ്ട് മുഖം വ്യക്തമല്ല..
‘അതേ.. ആമ..’
കള്ളം പറയാൻ എനിക്ക് തോന്നിയില്ല. അവസാനനിമിഷങ്ങളിൽ വെറുതെ ആരെ ബോധിപ്പിക്കാൻ ആണ്. അയാൾ നിൽക്കുന്നത് മാറിയുമാണ്. എന്നെ കടന്നു പിടിച്ചു രക്ഷിക്കാൻ ഒന്നും അയാൾക്ക് കഴിയില്ല. ഒരുപക്ഷെ ജീവനിൽ പേടി ഉള്ളത് കൊണ്ടാവും അയാൾ ഈ വക്കിലേക്ക് വരാത്തത്.
‘മലയാളി ആണോ…? ഇവിടുന്ന് ചാടി ചത്താൽ പുണ്യം കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ…?
എന്റെ സംസാരത്തിൽ നിന്നും അയാൾ ഞാൻ മലയാളി ആണെന്ന് ഊഹിച്ചിരുന്നു
‘ഇല്ല…’
ഞാൻ പറഞ്ഞു
‘പിന്നെ എന്തിനാണ് ഇവിടെ നിന്ന് തന്നെ ചാടി ചാകാൻ നോക്കുന്നത്..? ശവം പോലും കിട്ടില്ല..’
‘കിട്ടണം എന്നില്ല…’
ഞാൻ കൂസലില്ലാതെ മറുപടി കൊടുത്തു.