കോളേജിൽ കയറാതെ ഞങ്ങൾ നേരെ പാർക്കിൽ ആണ് പോയത്. അവിടെ ബോർ അടിച്ചപ്പോൾ അടുത്ത സ്‌ഥലം. അവിടുന്ന് ബോർ അടിച്ചപ്പോ വേറൊരു സ്‌ഥലം. അങ്ങനെ പണ്ട് ഞങ്ങൾ പോയി ഇരിക്കാറുള്ള ഇടത്തെല്ലാം ഞങ്ങൾ പോയി ഓർമ്മ പുതുക്കി.. അവളുടെ കൂടെ വീണ്ടും ഇവിടെല്ലാം വന്ന് ഇരിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.. ഇപ്പോളും എല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്.. പക്ഷെ അപ്പോളും എന്റെ മനസ്സ് അത്ര സന്തോഷത്തിൽ ആയിരുന്നില്ല. കൃഷ്ണയുടെ കാര്യം ഓർത്തു എനിക്ക് ഒരു വിഷമം അപ്പോളും ഉണ്ടായിരുന്നു..
എന്റെ ആ വിഷമം ഇഷാനിക്കും മനസിലായി. അത് കൊണ്ട് തന്നെ ആവണം അവൾ ചെറിയൊരു പണി പിന്നെയും പണിതത്.. ഞങ്ങൾ രണ്ടും ഒരുമിച്ച് ചേർന്ന് ഇരിക്കുന്നത് അവൾ എന്റെ ഫോണിൽ സെൽഫി എടുത്തു.. അവൾ സാധാരണ അങ്ങനെ ഒരുപാട് ഫോട്ടോ ഒന്നും എടുക്കുന്ന പ്രകൃതം അല്ല. അപ്പോൾ തന്നെ എനിക്ക് മനസിലാകേണ്ടത് ആയിരുന്നു. പക്ഷെ ഞാൻ അത്ര ചിന്തിച്ചില്ല.. ഇഷാനി ആ ഫോട്ടോ നേരെ കൃഷ്ണയ്ക്ക് അയച്ചു കൊടുത്തു.. അവൾ അത് അയക്കുന്നത് കണ്ടു ഞാൻ ഫോൺ തട്ടി പറിച്ചു വാങ്ങിച്ചെങ്കിലും എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുമ്പ് കൃഷ്ണ അത് കണ്ടു കഴിഞ്ഞിരുന്നു..
അത്ര പ്രൈവറ്റ് ഫോട്ടോ ഒന്നുമല്ല. ഞങ്ങൾ രണ്ട് പേരും ചേർന്നു ഇരിക്കുന്നു. അത്ര മാത്രം.. പക്ഷെ അത് തനിക്ക് അയച്ചത് പിന്നെയും കളിയാക്കാൻ ആണെന്ന് കൃഷ്ണയ്ക്ക് മനസിലായി. അർജുൻ ആയിരിക്കില്ല അത് അയച്ചത് എന്നും അവൾക്ക് അറിയാം. ഇഷാനി എല്ലാത്തിനും തന്നോട് കണക്ക് ചോദിക്കുകയാണ്..