കോളേജിലെ ആഘോഷങ്ങൾ അപ്പോളും അടങ്ങിയിട്ടില്ലായിരുന്നു.. അതിനി രാത്രിയോളം നീളും. ഇവിടെ നിന്നാൽ എന്നേ ആരെങ്കിലും വന്നു വിളിച്ചോണ്ട് പോകാൻ സാധ്യത ഉള്ളത് കൊണ്ട് ആരുടെയും കണ്ണിൽ പെടാതെ ഞങ്ങൾ ഒരുവിധം കോളേജിനു പുറത്ത് കടന്നു.. എവിടെയെങ്കിലും കറങ്ങാൻ പോയാലോ എന്ന് ഞാൻ ആലോചിച്ചെങ്കിലും അവൾക്ക് കടയിൽ കയറാൻ സമയം ആയത് കൊണ്ട് ആ പ്ലാൻ ഉപേക്ഷിച്ചു. എക്സാം ആകുമ്പോൾ അവൾ കടയിൽ പോകുന്നത് നിർത്തും. അത് കൊണ്ട് ഇപ്പൊ വെറുതെ ലീവ് എടുക്കുന്നില്ല എന്ന് അവൾ പറഞ്ഞിരുന്നു.. കറങ്ങാൻ പോകാൻ ഒക്കെ ഇനിയും ഒരുപാട് സമയം മുന്നിൽ ഉണ്ടല്ലോ.. ഞാൻ അവളെ കടയുടെ മുന്നിൽ ഡ്രോപ്പ് ചെയ്തു..
വീട്ടിൽ വരട്ടെ എന്ന് അവൾ ഒരു തവണ കൂടി എന്നോട് ചോദിച്ചിരുന്നു. എന്നേ തനിയെ അവിടെ നിർത്താൻ അവൾക്ക് നല്ല പേടി ഉണ്ട്. എനിക്ക് പക്ഷെ തിരിച്ചു ആയിരുന്നു പേടി. തനിച്ചു അവിടെ നിക്കാൻ എനിക്ക് ഒരു പേടിയും ഇല്ല. പക്ഷെ അവളായി ഇവിടെ നിൽക്കാൻ ഇപ്പൊ ഒരു പേടി ഉണ്ട്. ഒരുപക്ഷെ എനിക്ക് എതിരെ എന്തെങ്കിലും ഒക്കെ ഉണ്ടായാൽ അവളെ അത് ബാധിക്കരുതല്ലോ.. എന്നേ തല്ലാൻ ആളെ വിട്ട റോളക്സ് ന്റെ പിന്നാലെ ഉള്ള ഞങ്ങളുടെ ഓട്ടം എവിടെയും എത്തിയുമില്ല…
എന്നേ തനിച്ചു നിർത്താൻ പേടി ഉള്ളത് കൊണ്ട് ആവണം കടയിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് അവളെന്നോട് ഫോണിൽ സംസാരിക്കാൻ തുടങ്ങി. രാത്രി മുഴുവൻ ഞങ്ങൾ ഫോണിൽ സംസാരിച്ചു ഇരുന്നു.. രാത്രി മാത്രം അല്ല പുലർച്ചെ വരെ വിളിച്ചിരുന്നു എന്ന് പറയുന്നത് ആകും സത്യം. അടി ഉണ്ടാക്കി പോയപ്പോൾ തൊട്ട് അവൾക്ക് ഉണ്ടായ വിഷമങ്ങൾ എല്ലാം അവൾ എന്നോട് പറഞ്ഞു. ഇടയ്ക്ക് രണ്ട് മൂന്ന് വട്ടം കരയുകയും ചെയ്തു.. എനിക്ക് ഏറ്റവും അത്ഭുതം ആയത് ഞാൻ അവളോട് പൊറുക്കാൻ ആവാത്ത ഒരു തെറ്റാണ് ചെയ്‍തത്. എന്നിട്ടും അവൾക്ക് എന്നോട് ഒരു വെറുപ്പും തോന്നിയിരുന്നില്ല എന്നതാണ്. ഇത്രമാത്രം ഒക്കെ സ്നേഹിക്കാൻ ഞാൻ അവളോട് എന്താണ് അത്ര ചെയ്തിട്ടുള്ളത് എന്ന് ഞാൻ ആലോചിച്ചു..