‘നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം.. നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ…?
കൃഷ്ണ ചോദിച്ചു
‘ഉണ്ടെങ്കിൽ…..!
‘ആരെ..?
‘അത് കുറച്ചു പഴഞ്ചൻ പ്രേമം ആണ്.. സ്കൂൾ ടൈം തൊട്ട് ഉണ്ടായിരുന്ന ഒരിഷ്ടം ആയിരുന്നു.. ഒരിക്കലും ഇട്ടിട്ടു പോകില്ല എന്നൊക്കെ കരുതി കൊണ്ടു നടന്നതാ.. പക്ഷെ എന്ത് ചെയ്യാം.. എല്ലാം നമ്മൾ ആശിക്കുന്ന പോലെ നടക്കില്ലല്ലോ…’
‘എന്തായിരുന്നു ആ കുട്ടിയുടെ പേര്…?
‘രേവതി..’
അവൻ അത് പറഞ്ഞപ്പോ അവളുടെ മുഖം ഉള്ളിൽ കാണുന്നുണ്ടെന്ന് കൃഷ്ണയ്ക്ക് തോന്നി
‘എന്നിട്ട് അവളിപ്പോ എന്ത് ചെയ്യുന്നു…?
‘ആവോ.. എവിടെയോ.. വേറെ ആരുടെയോ കൂടെ.. കുറെ ആയി ഒരു വിവരവും ഇല്ല. മൂവ് ഓൺ ആയി കഴിഞ്ഞു ഞാനും പിന്നെ അതൊന്നും തിരക്കാൻ പോയിട്ടില്ല…’
അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു
‘നിനക്ക് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു…’
കൃഷ്ണ അവനോട് ഒരല്പം കനിവോടെ പറഞ്ഞു
‘ഓ ഇതൊക്കെ പഴയ കാര്യം അല്ലേ.. ഇവിടെ അധികം ആർക്കും അറിയില്ല..’
കുറച്ചു നേരത്തെ മൗനത്തിനു ശേഷം കൃഷ്ണ അവനോട് ചോദിച്ചു
‘അപ്പോൾ ഞാൻ അവനെ മറക്കണം എന്നാണോ നീ പറയുന്നേ…?
‘ഞാൻ പറയുന്നത് നീ കേൾക്കണ്ട. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടോന്ന് നീ ശരിക്കും ഇരുന്നു ആലോചിക്ക്.. മൈൻഡ് ക്ലിയർ ആകുമ്പോൾ അതിൽ കാര്യം ഉണ്ടെന്ന് തോന്നിയാൽ അത് പോലെ ചെയ്യ്…’
‘നീ പറഞ്ഞത് ഒക്കെ നേരാണ്.. അവര് തമ്മിൽ ആണ് ശരിക്കും ചേരേണ്ടത്.. ഞാൻ കാരണം ആണ് അവര് പിന്നെയും പിരിഞ്ഞത്…’
കൃഷ്ണ സങ്കടത്തിൽ പറഞ്ഞു