കൃഷ്ണ അങ്ങനെ പറഞ്ഞപ്പോ ഇഷാനി ചെറുതായ് ഒന്നു പതറി.. പക്ഷെ അത് മുഖത്ത് വരുത്താതെ ഇഷാനി മറുപടി കൊടുത്തു
‘ ഞാൻ അതൊന്നും വച്ചല്ല പറഞ്ഞത്.. അതൊന്നും ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല..’
‘അഭിനയം നിർത്ത് മോളെ.. നിന്റെ അഭിനയം ഒക്കെ അവന്റെ എടുത്തെ ചിലവാകൂ.. നീ എന്താന്നൊക്കെ എനിക്ക് നന്നായി മനസിലാകും…’
കൃഷ്ണ ഇഷാനിയെ കളിയാക്കുന്ന പോലെ സംസാരിച്ചു
‘ ഞാൻ എന്ത് അഭിനയിച്ചെന്നാണ് നീ പറയുന്നത്..?
ഇഷാനി ചോദിച്ചു
‘നിന്റെ നല്ലപിള്ള കളി തന്നെ. അത് വച്ചാണല്ലോ നീ അവനെ മയക്കിയത്.. എന്നിട്ട് അവസാനം നീ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലുള്ള ആക്റ്റിങ്ങും..’
‘നീതു അവിടെ കയറി അങ്ങനെ പറഞ്ഞത് ഞാൻ പറഞ്ഞിട്ടാണ് എന്ന് കൂടി പറ.. ‘
ഇഷാനി പറഞ്ഞു
‘അതെന്ത് ആയാലും നിനക്ക് പിന്നെയും ഒരു അവസരമായല്ലോ അവന്റെ മുന്നിൽ മാലാഖ കളിക്കാൻ.. എപ്പോളും കറക്റ്റ് ഇത് പോലെ എങ്ങനെ അവസരം ഒപ്പിച്ചു എടുക്കുന്നെടി…?
കൃഷ്ണ ഒരു ലോജിക്കും ഇല്ലാതെ ഇഷാനിയോട് വഴക്കടിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം എല്ലാം അങ്ങനെ ആണ് പുറത്ത് വന്നത്
‘നീ ഇതിലേക്ക് അവനെ വലിച്ചിടണ്ട.. അതൊന്നും എന്നേ ഇപ്പോൾ ബാധിക്കുന്ന കാര്യമല്ല.. ആ ചൊരുക്ക് നീ എന്നോട് കാണിക്കണ്ട..’
ഇഷാനി പറഞ്ഞു
‘ഇതാണ് ഞാൻ പറഞ്ഞത്.. ഇതാണ്.. ഇതാണ് നിന്റെ അഭിനയം.. നീ അവനെ ഗൗനിക്കുന്നില്ല എന്ന് പറയും. പക്ഷെ അവന് ശ്രദ്ധ കിട്ടുന്നിടത്തെല്ലാം നീ ഉണ്ടാകും.. അവൻ മനസിലില്ല എന്ന് പറയും. പക്ഷെ അവനെ മൂവ് ഓൺ ആകാൻ സമ്മതിക്കാതെ നിന്റെ ചുറ്റും ഇട്ട് കറക്കും..’