അതിലേ ഇപ്പോ പോയാൽ ശരിയാകില്ല, നമുക്ക് വേറെ വഴി ഉണ്ട്” അയാൾ പറഞ്ഞു.”നമ്മൾ പണിക്കർ സാറിന്റെ വീട്ടിലേക്കല്ലേ പോകുന്നത്?” മഹേഷ് ചോദിച്ചു.”മുതലാളി ഇവിടില്ല, രാത്രീലേ വരൂ, നിങ്ങൾക്ക് താമസിക്കാൻ ഒരു വീട് ഏർപ്പാടാക്കീട്ടുണ്ട്, ഇപ്പോ അങ്ങോട്ട് പോകാം, രാവിലെ മുതലാളീടെ വീട്ടിൽ എത്തിയാൽ മതി”.
റോഡരികിൽ പടുതയും ഓല മെടഞ്ഞതും ചേർത്ത് കെട്ടിപ്പൊക്കിയ ഒരു തട്ടുകട, അതിനോട് ചേർത്ത് ചാക്കോ കാർ നിർത്തി.”ഒരു ചായ കുടിച്ചിട്ട് പോകാം” അയാൾ പറഞ്ഞു “നാളെ മുതൽ ഭക്ഷണം മുതലാളീടെ വീട്ടീന്ന് കഴിക്കാം ഇന്ന് വൈകിട്ടത്തേക്ക് ഇവിടുന്ന് പാർസൽ മേടിക്കാം”.
കടയിൽ കുറച്ചു പ്രായമായ ഒരാൾ നിന്ന് ചായയടിക്കുന്നു.”പാപ്പച്ചിയേ രണ്ട് ചായേൽ ഒന്ന് വിതൗട്ട്” ചാക്കോ അയാളോട് പറഞ്ഞു.”ചെറുകടി എന്താ ഉള്ളത്?”
“പരിപ്പുവടയും ഉഴുന്നുവടയും ഉണ്ട്” ഒരു സ്ത്രീശബ്ദം ആണ് മറുപടി പറഞ്ഞത്. അവർ അങ്ങോട്ട് നോക്കി ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി ഒരു പാത്രത്തിൽ വടയുമായി വന്നു. മഹേഷ് ഒരു പരിപ്പുവട എടുത്തു കടിച്ചു. പെൺകുട്ടി മഹേഷിനെ അകത്തു പോയി നിന്ന് പാളി നോക്കി.
ചായയുമായി പാപ്പച്ചി വന്നു. അയാളോട് രണ്ട് പൊറോട്ടയും ഒരു മുട്ടക്കറിയും പാർസൽ വാങ്ങി അവർ കാറിൽ കയറി. “പാപ്പച്ചി ഇവിടെ അടുത്താ താമസം, മോള് കോളേജിൽ പഠിക്കുന്നു, പാവങ്ങളാ” ചാക്കോ സംസാരം തുടർന്നു.”മുതലാളിക്കിപ്പോ ഒരു ഡ്രൈവരുടെ ആവശ്യം ഒന്നും ഉണ്ടായിട്ടല്ല, ഈയിടെയായി ചില പ്രശ്നങ്ങളും ഭീഷണികളും ഒക്കെയായപ്പോ കൂടെ നിക്കാൻ ഒരാള് വേണമെന്നൊരു തോന്നല്, ആ വിശദവിവരങ്ങൾ മുതലാളി തന്നെ നാളെ പറയും”.