ആഴങ്ങളിൽ
Azhangalil | Author : Chippoos
അസ്തമയസൂര്യൻ മരങ്ങളുടെ പുറകിൽ മറയാൻ തുടങ്ങുന്ന സമയത്താണ് ട്രെയിൻ ആ സ്റ്റേഷനിൽ എത്തി നിന്നത്. മഹേഷ് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചു, പ്ലാറ്റ്ഫോം ട്രെയിനിൽ നിന്ന് രണ്ടു പടി താഴെ ആയിരുന്നു.
അധികം ട്രെയിനുകൾ ഇവിടെ നിർത്തുമെന്ന് തോന്നുന്നില്ല, അയാൾ മനസ്സിൽ കരുതി. ചെറിയൊരു ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്, അത്യാവശ്യ സാധനങ്ങളും വസ്ത്രങ്ങളും മാത്രം. ജീവിതത്തിൽ ഇനി മറ്റു ഭാരങ്ങൾ ചുമക്കേണ്ടതില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞു. ചെറിയ പ്ലാറ്റ്ഫോംമിലൂടെ നടന്നു പുറത്തെത്തി.
ചാക്കോ എന്നൊരാളാണ് ഫോണിൽ വിളിച്ചത്, അയാളെ നേരിൽ കണ്ടിട്ടില്ല. ചാക്കോയെ വിളിക്കാനായി മഹേഷ് ഫോൺ എടുത്തു. അപ്പോൾ അല്പം മാറി മരത്തിന്റെ ചുവട്ടിൽ സിഗരറ്റ് വലിച്ചു കൊണ്ട് നിന്ന മദ്ധ്യവയസ്കൻ കൈ ഉയർത്തി “മഹേഷ് ആണോ? പണിക്കര് മുതലാളീടെ അവിടെ വന്ന?” അയാൾ അല്പം സ്വരം താഴ്ത്തി ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
മഹേഷ് പരിചയ ഭാവത്തിൽ ചിരിച്ചു “അതെ, ചാക്കോ ആണോ?, ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു, ട്രെയിൻ ആണെങ്കിൽ ഒരു മണിക്കൂർ ലേറ്റും” നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. “ഞാൻ ചാക്കോ, നമുക്ക് പോകാം, വണ്ടി കൊണ്ട് വന്നിട്ടുണ്ട്” അയാൾ അവിടെ കിടന്നിരുന്ന ഒരു മാരുതി 800 ചൂണ്ടിക്കാണിച്ചു. മഹേഷ് കാറിൽ കയറി ഇരുന്നു, ബാഗ് പുറകിലെ സീറ്റിലേക്ക് ഇട്ടു.
“നിങ്ങളെപ്പോലെയുള്ള ആറടി പൊക്കകാർക്ക് പറ്റിയ വണ്ടി അല്ല ഇത്” ചാക്കോ ചിരിച്ചു കൊണ്ട് പറഞ്ഞു. ശരിയായിരുന്നു അത്, മഹേഷ് സീറ്റ് പരമാവധി പുറകിലേക്ക് നീക്കി ഇട്ടു. വണ്ടി നീങ്ങിത്തുടങ്ങി. സ്റ്റേഷന് പുറത്തെ വഴികൾ വിജനമായിരുന്നു. ചാക്കോ കാർ ഇടത് വശത്തേക്ക് തിരിച്ചു,”കവല അപ്പുറത്തെ വശത്താ,