ബിൻസി തനി അവന്റെ അമ്മയായി മാറി
ആാാ.. ഇച്ചേയി വിട് വേദനിക്കുന്നു…
ബിൻസിയുടെ കൈ എടുത്തു മാറ്റികൊണ്ട് ഹിരൺ പറഞ്ഞു
ഞാൻ ആദ്യവായിട്ടൊന്നുവല്ലല്ലോ കുടിക്കുന്നത്.. ഞാൻ പപ്പയുടെ കൂടെ ഇരുന്നു കുടിയ്ക്കാറുള്ളതല്ലേ .. എല്ലാവർക്കും അറിയുന്നതും അല്ലെ അതൊക്കെ…
എനിയ്ക്ക് ഓർമ്മയുള്ള കാലം തൊട്ടു ഞാൻ കാണുന്നതാണ് പപ്പാ മദ്യപിയ്ക്കുന്നത്. എന്നും ഒന്നുവില്ല വല്ലപ്പോളും ഒക്കെ. പക്ഷെ ഒരിക്കൽ പോലും പപ്പാ ലിമിറ്റ് വിട്ടിട്ടില്ല….എത്രയാടാ പപ്പയുടെ കണക്കു….
ബിൻസി ദേഷ്യത്തോടെ തന്നെ ചോദിച്ചു…
നാല്…..
നിനക്ക് പപ്പാ തരാറുള്ളതോ….
ഹിരൺ അതിനു മറുപടി ഒന്നും പറഞ്ഞില്ല. തല ഒന്ന് താഴ്ത്തി കയ്യിലെ രണ്ടു വിരലുകൾ അവൻ ഉയർത്തി കാണിച്ചു..
അപ്പോ അറിയാം നിനക്ക് പപ്പാ വച്ചിരിക്കുന്ന ലിമിറ്റ് 2 പെഗ് ആണെന്ന്..
മ്മ്
എന്നിട്ട് അന്ന് നീ എത്രയാ മോന്തിയത് രണ്ടു കുപ്പിയോ….
വായിലെ പല്ല് മുഴുവൻ കാണിച്ചു ഹിരൺ ഇളിച്ചു.
എടുത്ത കൈക്കു ബിൻസി അവന്റെ കവിള് നോക്കി ഒരു കുത്തും കൊടുത്തു…
കിണിക്കല്ലേ.. കുടിച്ചു ബോധം ഇല്ലാതെ ഓരോ വയ്യാവേലിയും പിടിച്ചു നാട്ടുകാരുടെ തല്ലും വാങ്ങി വന്നേക്കുന്നു.. എന്നാ പേരിനെങ്കിലും ഒരാളെ തിരിച് ഒരടിയെങ്കിലും അടിച്ചോ അതുവില്ല.. ഒരു കരാട്ടെ കാരൻ വന്നേക്കുന്നു.. നാണവില്ലാത്തവൻ……
ഹിരൺ പതിഞ്ഞ സ്വരത്തിൽ എന്തോ പറഞ്ഞു. ചുണ്ട് മാത്രേ അനങ്ങിയൊള്ളു..
എന്തോന്നാടാ പിറുപിറുക്കുന്നത്……
ആദ്യത്തെ അടിയിൽ ഉള്ള ബോധം കൂടി പോയി ഞാൻ സൂപ്പർമാന്റെ കുഞൊന്നുവല്ല… പത്തിരുപതു പേരെ ഒറ്റയ്ക്ക് ഇടിക്കാൻ ബോധം ഉണ്ടെ പിന്നേം എന്തേലും കാണിക്കാം..