അത് അവളോട് തന്നെ ചോദിക്കാം…
അറിയില്ല എന്ന് പറഞ്ഞാലോ… നിന്നെ പിടിച്ചു കെട്ടിച്ച പോലെ അവളെയും പിടിച്ചു കെട്ടിച്ചതാണെന്ന് പറഞ്ഞാലോ…..
അങ്ങനെ ആയിരുന്നേൽ അവൾക്കു തുറന്നു പറയാമായിരുന്നല്ലോ…
നിനക്കും പറയാമായിരുന്നല്ലോ… എന്തെ നീ പറയാതിരുന്നത്…..
അത്.. പിന്നെ….
ഉത്തരം ഒന്നും പറയാൻ ഇല്ലാതെ ഹിരൺ നിന്ന് കുഴഞ്ഞു
ഉത്തരം ഇല്ല അല്ലെ…
ഹിരൺ അതിനു മറുപടി പറയാതെ തല കുനിച്ചു നിന്നതെ ഉള്ളു.
കല്യാണത്തിന് തലേ ദിവസം ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഒരു പരിചയവും ഇല്ലാത്ത ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിനക്കു മുന്നിൽ താലി കെട്ടാൻ അവൾ തല കുനിക്കണം എങ്കിൽ അവളുടെ നിസ്സഹായ അവസ്ഥ അത്രയ്ക്ക് വലുതായിരിക്കണം……..
ബിൻസി പറഞ്ഞത് കേട്ടപ്പോൾ മുതൽ ഹിരണിന്റെ മനസ്സിലും അവളോട് ഒരല്പം അലിവ് തോന്നി തുടങ്ങി കാരണം മറ്റുള്ളവരുടെ പഴി പറച്ചിലിലും കുറ്റപ്പെടുത്തലിലും മുന്നിൽ ഒരിക്കൽ പോലും കാണാത്ത ഒരാളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു എങ്കിൽ അത് ഇപ്പൊ താൻ അനുഭവിക്കുന്നതിലും വലുത് തന്നെയാണ്. അവൾ ആരോടും ഒന്നും പറഞ്ഞില്ല എങ്കിൽ അത് തന്നെയല്ലേ താനും ചെയ്തത്. അപ്പോൾ അവൾ മാത്രം എങ്ങനെ കുറ്റക്കാരി ആവും
അതല്ല ഇനി മറിച്ചാണ് സംഭവിച്ചിട്ടുള്ളത് എങ്കിൽ അവൾ എല്ലാം അറിഞ്ഞു വച്ചു കൊണ്ട് തന്നെ ഇതിനെല്ലാം കൂട്ട് നിന്നതാണ്. അങ്ങനെയെങ്കിൽ ആ വീഡിയോയിൽ കണ്ട ആള് ആരാണെന്നും അവൻ എന്തിനു വന്നു എന്നും അവൾക്കു അറിയാം……
മനസ്സിൽ തോന്നിയ അലിവും കരുണയും എല്ലാം വെട്ടി മുറിച്ചു കൊണ്ടാണ് ബിൻസി പറഞ്ഞ വാക്കുകൾ ഹിരണിന്റെ മനസ്സിൽ പതിഞ്ഞത്..