അപ്പോൾ ഇതാണ് എല്ലാത്തിനും കാരണമായ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചതിനുള്ള ആധാരം . സി സി ടി വി ദൃശ്യങ്ങൾ കണ്ടിട്ടുള്ള ആരും തന്നെ താൻ പറയുന്നത് ഒന്നും വിശ്വസിക്കില്ല. ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് എന്നെ തന്നെയാണെന്ന് എല്ലാവർക്കും മനസിലാകും മുഖം വ്യക്തമാണ്. മുഖം വ്യക്തമല്ലാത്തതു അതിനിടയിലൂടെ ഓടി മറയുന്ന ആളിന്റെ മാത്രം.ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ നിറം ഇരുട്ട് ആയതിനാലും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യം ആയതിനാലും മനസിലാക്കാൻ കഴിയുന്നില്ല പക്ഷെ ഡിസൈൻ ഒരു പോലെ തന്നെ.അത് കൊണ്ട് തന്നെ മുഖം മറച്ചു വച്ചു ഓടി പോയത് താനല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അമ്മയും പപ്പയും ആൻസി അമ്മയും മറ്റുള്ളവരെ പോലെ അത് താൻ തന്നെയാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും.
ഹിരൺ തല ഉയർത്തി ബിൻസിയെ ഒന്ന് നോക്കി അവൾ അപ്പോഴും തല താഴ്ത്തി തന്നെ ഇരിക്കുന്നു.
അവളുടെ ഭവമാറ്റത്തിന്റെ കാരണം എന്തെന്ന് അവൻ കൂടുതൽ ചികയാൻ നിന്നില്ല. തന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും ഉണ്ടായിരുന്ന ഒരേ ഒരാൾ. ഇനി അതും ഉണ്ടാവില്ല.എല്ലാവരെയും പോലെ ഇച്ചേയിയും ഇനി തന്നെ അവിശ്വസിക്കും.
കാറിൽ നിന്നും ഇറങ്ങാൻ ശ്രെമിച്ച ഹിരണിന്റെ കയ്യിൽ ബിൻസി വീണ്ടും പിടുത്തം ഇട്ടു..
ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല…
ഇനി ഞാൻ എന്ത് പറയാൻ. ഞാൻ പറയുന്നതൊന്നും ആർക്കും വിശ്വാസം ഇല്ലല്ലോ….
വിശ്വാസം ഇല്ലെന്നു ഞാൻ പറഞ്ഞോ…..
പിന്നെ എന്താ ഇച്ചേയി ചോദിച്ചതിന്റെ അർത്ഥം…