അവിടിരുന്നവരുടെ മുൻപിൽ നാണംകെട്ടത്തിന്റെ ദേഷ്യവും അരിശവുംകൊണ്ട് സാറ എന്തുചെയ്യണം എന്നറിയാതെ ഇരുന്നുപോയി. പെട്ടന്ന് അവൾ വെയിറ്റ്റിനെ വിളിച്ചു ബിൽ സെറ്റിൽ ചെയ്തു അവിടുന്ന് പുറത്തിറങ്ങി. വെളിയിലിറങ്ങിയ അവൾ അവർ രണ്ടുപേരെയും അവിടെയെങ്ങും കണ്ടില്ല. അവൾ നടന്നു പാർക്കിങ്ങിൽ കിടന്നിരുന്ന കാറിന്റെ ഉള്ളിലേക്ക് കയറി. സാറ അപ്പോളും ആ ഷോക്കിൽനിന്നും മുക്തയായിരുന്നില്ല. എവിടുന്നോ വന്ന് തന്റെ മനസമാധാനം കളയുന്ന അവരോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. വെളിയിൽ നിൽക്കുന്നവർ കാറിൽ കയറി വെറുതെ ഇരിക്കുന്ന തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി സാറ പതിയെ വണ്ടി തിരിച്ചു റോഡിലേക്ക് ഇറക്കി. ദൂരെ നിന്നും ജിൻസി അമിത്തിനെ കൂട്ടി നടന്നുവരുന്നത് കണ്ട സാറ കാർ സൈഡിൽ ഒതുക്കി നിർത്തി. ഒന്നും മിണ്ടാതെ നടന്നുവരുന്ന അമിത്തിന്റെ കൈ പിടിച്ച്, അവനെ സമാധാനിപ്പിച്ചു ജിൻസി നടന്നുവരുന്നത് കണ്ടപ്പോൾ സാറക്ക് ഒന്നുകൂടി ദേഷ്യം ആണ് വന്നത്.
ജിൻസി നടന്നു വന്ന് ബാക്ഡോർ തുറന്നു അതിൽ കയറാൻ അമിത്തിനോട് കെഞ്ചി. കൊച്ചുകുട്ടികൾ പിണങ്ങി നിൽക്കുന്നപോലെയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ സാറ ഡോർ വലിച്ചുതുറന്നു വെളിയിലേക്കിറങ്ങി. “എന്താ നിങ്ങളുടെ പ്ലാൻ?” കലിപ്പിൽ വെളിയിലേക്കിറങ്ങിയ സാറ ജിൻസിയുടെ നേരെ ചീറി.
“സാറ നീയൊന്നു മിണ്ടാതിരി പ്ലീസ്..” ജിൻസി ഒരുതരത്തിൽ അവനെ തള്ളി കാറിനുള്ളിൽ കയറ്റി. ആൾക്കാര് കാണുമല്ലോ എന്നോർത്ത് സാറയും ഡോർ തുറന്നു അകത്തു കയറി വലിച്ചടച്ചു.