സാറ ഒന്നും മിണ്ടാതെ അവന്റെ മാറിലേക്ക് ചാഞ്ഞു.. തന്റെ സ്നേഹം അവനിലേക്ക് മുഴുവനായി പകർന്ന്, അവൻ പകർന്ന് നൽകുന്ന സ്നേഹത്തിന്റെ ഓരോ അണുവിടയിലും അവന്റെ ആത്മാർത്ഥ സ്നേഹം തിരിച്ചറിഞ്ഞ്, അവൾക്ക് തന്റെ ജീവൻ അവന്റെ മുൻപിൽ സമർപ്പിക്കുക അല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു.
അവന്റെ കഴുത്തിൽ കൈ ചുറ്റി, അവന്റെ കണ്ണുകളിൽ നോക്കി അവൾ ആദ്യമായി തന്റെ മനസ്സിന്റെ മണിച്ചെപ്പ് അവന് മുൻപിൽ പൂർണമായി തുറന്നു.
“എന്റെ ജീവനേ… ഐ ലവ് യൂ..ജിത്തേ”. അത് പറഞ്ഞിട്ട് അവളവനെ ചേർത്ത് പുണർന്നു. അവളിൽനിന്ന് എത്രയോ നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ. അത്രയേറെ ഇഷ്ടമായിരുന്നിട്ടും ബന്ധങ്ങളും ബന്ധനങ്ങളും കാരണം താഴിട്ടു പൂട്ടിയ അവളുടെ അകമഴിഞ്ഞ സ്നേഹം ഇനി അവന്റെ മുൻപിൽ തുറക്കാതിരുന്നാൽ അതവനോട് ചെയ്യുന്ന അനീതി ആയി പോകും എന്നവൾ മനസിലാക്കി.
സുഖമുള്ള വിങ്ങലോടെ ജിത്ത് സാറയെ ചേർത്ത് പിടിച്ചുനിന്നു . അവന്റെ കരതലത്തിൽ, അവളൊരു കൊച്ചുകുഞ്ഞിനെപോലെ അവന്റെ മാറിലൊട്ടിചേർന്ന് നിന്നു. അവന്റെ കരുതൽ, അവൻ പകർന്ന് തരുന്ന നിഷ്കളങ്ക സ്നേഹം. അതല്ലാതെ എന്ത് വേണം ഒരു പെണ്ണിന് ആഗ്രഹിക്കാൻ.
അകലെനിന്ന് ഏതോ ബൈക്കിന്റെ ശബ്ദം കേട്ട അവർ ആലിംഗനത്തിൽനിന്ന് പെട്ടന്ന് പിടിവിട്ടു മാറി. ഈ ഒരു ദിവസം തീരാതിരുന്നെങ്കിൽ എന്ന് ജിത്ത് ആഗ്രഹിച്ചുപോയി. അവളിങ്ങനെ കൂടെയുള്ളപ്പോൾ എല്ലാം മറന്ന്, അവളിലേക്ക് മാത്രമായി താൻ ഇഴുകി ലയിച്ചുപോകുന്നു.
കുറേനേരം അവിടെ ചിലവഴിച്ചിട്ടിട് അവർ വീണ്ടും മുൻപോട്ടു പോകാൻ തീരുമാനിച്ചു. ജിത്ത് സാറയോട് കീ വാങ്ങി കാറെടുത്തു. അവന്റൊപ്പം ചേർന്നിരുന്നു ഒരുനിമിഷം പോലും പിരിയാൻ വയ്യാതെ സാറയും. കുറച്ചുമുൻപോട്ട് ചെന്നപ്പോൾ കുറെയധികം വീടുകളുമായി ഒരു ചെറിയ ഗ്രാമം. അല്പവസ്ത്രധാരികളായ കുട്ടികൾ റോഡിൽ കളിക്കുന്നുണ്ട്. മുഷിഞ്ഞ വെള്ള കുർത്തയും പാന്റും ധരിച്ച പുരുഷൻമാർ ഇടയ്ക്കിടെ കൂട്ടമായി ഇരുന്ന് പുകയെടുക്കുന്നു. ദീപു പറഞ്ഞത് ശരിതന്നെ, ഇവിടെയെങ്ങും ഒരു പെട്ടികടപോലും കാണാനില്ല.