അവൾ പതിയെ പറഞ്ഞു.
“അത് പറ്റില്ല… തമ്പുരാട്ടിയും കഴിക്കണം…”
പാത്രം അടച്ച് വെച്ച ഒരു പ്ലേറ്റെടുത്ത് അവൻ യമുനയുടെ മുന്നിലേക്ക് വെച്ചു.
ഇഡലിയെടുക്കാൻ കൈ നീട്ടിയ അവൻ പെട്ടെന്ന് കൈ പിൻവലിച്ചു.
വേണ്ട… അത് പാടില്ല.
തന്റെകൈ തൊട്ടത് തമ്പുരാട്ടി കഴിക്കാൻ പാടില്ല. അത് പാപമാണ്.
അവൻ യമുനയുടെ മുഖത്തേക്ക് നോക്കി.ആ നോട്ടത്തിന്റെ അർത്ഥം അവൾക്ക് മനസിലായി.
“എന്താടാ…?”
“അത്.. തമ്പുരാട്ടി എടുത്ത് കഴിക്ക്..”
“അതെന്താ… നീയെനിക്ക് എടുത്ത് തരില്ലേ….?”
“വേണ്ട… അത് വേണ്ട തമ്പുരാട്ടീ..”
മുരളി ദയനീയമായി പറഞ്ഞു.
അവൾക്കറിയാം അതിന്റെ കാരണം. വേറൊരാള് തൊട്ടത് താൻ കഴിക്കില്ല. ഇത് വരെ കഴിച്ചിട്ടുമില്ല.. അറപ്പാണ് തനിക്കത്.. അതിൽ ഭേദം പട്ടിണികിടന്ന് മരിക്കുന്നതാണ്.
ഇവനും കീഴ്ജാതിക്കാരനാണ്. ഇവൻ തൊട്ടതും താൻ കഴിക്കില്ല.
ഇല്ല… ഇവൻ തൊട്ടതും താൻ ഒരിക്കലും കഴിക്കില്ല…
മുരളി, ഞെട്ടിത്തരിച്ച് അനങ്ങാനാവാതെ ഇരിക്കുകയാണ്. കണ്ടത് വിശ്വസിക്കാനാവാതെ, കണ്ണും തുറുപ്പിച്ച്, ശ്വാസമെടുക്കാൻ പോലും
ഭയന്ന്…
അവൻ കുഴച്ച് വെച്ച ഇഡലി സ്വാദോടെ കഴിക്കുന്ന യമുനയെ അവൻ അവിശ്വസനീയതയോടെ നോക്കി.
“തമ്പുരാട്ടീ….”
ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ വിളിച്ചു.
“എന്താടാ…”
“വേണ്ട തമ്പുരാട്ടീ… ഇത് വേണ്ട… അടിയനിത് സഹിക്കാൻ കഴിയില്ല തമ്പുരാട്ടീ…”
“” എന്ത്… ?”
അവളൊന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
“ഇത് തമ്പുരാട്ടി കഴിക്കരുത്…”
“അതെന്താന്ന്…”?
“അത്…. അത്…തമ്പുരാട്ടീ… അത് ഞാൻ…”
“നിന്നോട് ഞാൻ പറഞ്ഞില്ലേടാ… ഇവിടെ അടിയാനും,തമ്പുരാട്ടിയൊന്നുമില്ല…
രണ്ട് മനുഷ്യരേയുള്ളൂ…
ഏതായാലും നീ പറഞ്ഞത് ശരിയാ…
ഞാനിത് വരെ ഇത് ഇങ്ങിനെയൊന്നും ചെയ്തിട്ടില്ല… എന്റെ തമ്പുരാന് പോലും ഞാൻ വിളമ്പിക്കൊടുത്തിട്ടില്ല… ഒരാളോടൊപ്പവും ഇരുന്ന്ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല…
പക്ഷേ… നീയെനിക്ക് അങ്ങിനെയാണോടാ… ?”