ജീവിതയാത്രകൾ
Jeevithayaathrakal | Author : Sree
എറണാകുളത്ത് നിന്നും വന്ദേ ഭാരതിൻ്റെ ശീതീകരിച്ച കമ്പാർട്ടുമെൻ്റിലേക്ക് കയറുമ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. അതിനു കാരണം അവൻ ആണ്. അവളുടെ ആരുമല്ലാത്ത, എന്നാൽ എല്ലാമെല്ലയാവൻ…ഈ യാത്ര തന്നെ ചോദിച്ച് വാങ്ങിയതാണ് എന്ന് അവള് ഓർത്തു.
അവനെ കാണാൻ വേണ്ടി, അല്പം സമയം അവനോടൊപ്പം പങ്കുവെക്കാൻ വേണ്ടി. “ഞാൻ ട്രെയിൻ കേറി” എന്ന് വാട്സാപ്പിലെ അവളുടെ മെസ്സേജിന് “waiting” എന്നൊരു മറുപടി വന്നതും ആദ്യരാത്രിയെ സമീപിക്കുന്ന നവവധുവിൻ്റെ മുഖത്ത് വരുന്ന നാണം അവളിലും കാണപ്പെട്ടു.
ചില്ലുവാതിലിൽ തല ചായ്ച്ച് ഇരിക്കുമ്പോൾ അവളോർത്തു കൊണ്ടിരുന്നതും അവരെക്കുറിച്ചായിരുന്നു. തിരുവനന്തപുരത്തെ അവരുടെ സമാഗമങ്ങളെ കുറിച്ചായിരുന്നു.
ജോലി സംബന്ധമായി ഒരാഴ്ച തിരുവനന്തപുരത്തേക്ക് വണ്ടി കയറുമ്പോൾ അവനെ കാണണ്ട എന്ന ചിന്തയിൽ ആയിരുന്നു അവൾ. അതിനു കാരണം ആകട്ടെ തങ്ങൾക്കിടയിൽ പൊട്ടി മുളച്ച, അദൃശ്യമായ ഒരു തരം വികാരത്തെ നിലയ്ക്ക് നിർത്തുക എന്നതായിരുന്നു. എന്നാൽ അവിടെയത്തി രണ്ടാം ദിവസം കാലത്ത് അവൻ്റെ കാൾ വന്നതും കൈ താനേ പച്ച ബട്ടണിലേക്ക് അമർന്നു.
വൈകീട്ട് കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് മ്മ് എന്ന മൂളലിൽ മറുപടി കൊടുത്ത നിമിഷത്തെ കാൾ കട്ടായതും അവൾ പഴിച്ചു. പിന്നീട് ഒരു തരം വെപ്രാളമായിരുന്നു. പല ആവർത്തി അവനോട് പറഞ്ഞിട്ടുള്ള, അവൻ കേട്ട് പഴകിയ കാര്യങ്ങൾ വീണ്ടും അവനോട് പറയുന്ന റിഹേഴ്സൽ.