മകന് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കാനും പുതിയ പുതിയ പാചകരീതികള്‍ കണ്ടെത്തി പരീക്ഷിക്കാനും അവള്‍ മുതിര്‍ന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളെല്ലാം മറന്ന് പ്രസന്നവതിയും സുന്ദരിയുമായി അണിഞ്ഞൊരുങ്ങാനും മറ്റും അവൾ സമയം കണ്ടെത്തി തുടങ്ങിയിരുന്നു. ജീവിതത്തിലെ ബോറടി മാറ്റാൻ അതും ഒരു പോംവഴിയായിരുന്നു. നാളുകൾ കൊഴിഞ്ഞു വീണപ്പോൾ മെട്രോ നഗരജീവിതത്തിൽ അവൾ ഇണങ്ങിച്ചേർന്നു വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലും അവള്‍ കൂടുതല്‍ ശ്രദ്ധാലുവായി തുടങ്ങി.
അമ്മയുടെ മാറ്റത്തില്‍ ഏറെ സന്തോഷിച്ചത് രക്ഷിതായിരുന്നു. ഇക്കാലയളവുമുഴുവന്‍ ദാരിദ്രത്തിലും കഷ്ടപ്പാടിലും അച്ഛനുവേണ്ടിയും മക്കള്‍ക്കുവേണ്ടിയും ജീവിച്ച് അമ്മ തന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടുത്തുകയായിരുന്നു എന്ന ബോധ്യം അവനുണ്ടായിരുന്നു. അമ്മയെ വേണ്ടവിധം സംരക്ഷിക്കാനോ സന്തോഷിപ്പിക്കാനോ തനിക്ക് സാധിച്ചിരുന്നില്ല എന്ന കുറ്റബോധം അവന്റെ മനസ്സിനെ ഗ്രസ്സിച്ചിരുന്നു. ആ സാഹചര്യത്തില്‍ അന്ന് തനിക്ക് അതിന് സാധിക്കുമായിരുന്നുമില്ല.
എന്തുപറ്റി അമ്മേ ഇന്ന് വല്ലാത്ത സന്തോഷത്തിലാണല്ലോ? അന്ന് ജോലി കഴിഞ്ഞു വന്നപ്പോള്‍ തന്നെ പിന്നിലൂടെ ആശ്ലേഷിച്ച അമ്മയുടെ സന്തോഷം കണ്ട് രക്ഷിത് ചോദിച്ചു
രച്ചൂ …ഞാന്‍ പറഞ്ഞില്ലെ ആ രണ്ടു കുട്ടികളെ നൃത്തം പഠിപ്പിക്കാമോന്നു ആ കോട്ടയംകാരി ആനി കുര്യൻ വന്നു ചോദിച്ചത് . ദേ..അവര്‍ ഇന്നും വന്നു…രണ്ടു കുട്ടികളും ദക്ഷിണ തന്നു…ദേ കണ്ടോ….501 ഉം 501 ഉം 1002 രൂപ….അജിത അതിരറ്റ സന്തോഷത്തോടെ പൈസയും കാണിക്ക വച്ച വൈറ്റിലയും അടക്കയും രക്ഷിതിനെ കാണിച്ചു കൊടുത്തു.