ബാംഗ്ളൂരില്‍ എത്തി 2-3 മാസം കഴിഞ്ഞിട്ടും അജിത ദുഖിതതന്നെയായിരുന്നു.3 വര്‍ഷത്തെ ഭര്‍ത്താവിന്റെ പരിചരണവും കഷ്ടപ്പാടും ജീവിത സാഹചര്യങ്ങളും അജിതയെ വിഷമിപ്പിക്കുകമാത്രമല്ല അവളെ ക്ഷീണിതയും ദുഖിതയും ആക്കിമാറ്റിയിരുന്നു. ഉണ്ണിയേട്ടന്‍ മരിച്ച വിഷമവും നാട് വിട്ട് പോന്ന സങ്കടവും പുതിയ നഗരത്തിലെ ചുറ്റുപാടുകളൊടു ഇണങ്ങി ചേരാനുമുള്ള വിമുഖതയും കാരണം അജിത ഖിന്നയും ക്ഷീണിതയുമായി കാണപ്പെട്ടു.
രക്ഷിത് രാവിലെ 9 ന് ജോലിക്ക് പോകും പിന്നെ തിരിച്ചുവരുന്നത് വൈകീട്ട് 7 നാണ് . വീട്ടുജോലികളെല്ലാം കഴിഞ്ഞ് ബാക്കി സമയം അജിത എകാന്തതയുടെ തടവറയിലായിരുന്നു അക്കാലത്ത്. അമ്മയെ സന്തോഷവതിയാക്കാന്‍ രക്ഷിത് തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു.
സാധാരണ ജോലികഴിഞ്ഞ് സുഹൃത്തുക്കളായി കൂട്ടുകൂടിയും പബില്‍ സമയം ചിലവാക്കിയും രാത്രി ഏറെ വൈകിവന്നിരുന്ന രക്ഷിത് അമ്മ വന്നതോടുകൂടി വൈകീട്ട് 7 മണിക്ക് തന്നെ വീട്ടിലെത്തുമായിരുന്നു. പിന്നീട് അമ്മക്കൊപ്പം പലതരം വിഭവങ്ങളുണ്ടാക്കലും പരീക്ഷണങ്ങളുമായി അവന്‍ അമ്മക്കൊപ്പം അധികനേരം ചിലവഴിക്കും.ഷോപ്പിംഗിന് കൊണ്ടുപോയും പാതയോരങ്ങളിലൂടെ നടക്കാനിറങ്ങിയും അമ്മയുടെ കൂടി പരമാവധി അവന്‍ സമയം ചിലവഴിച്ചു തുടങ്ങി.
ബാംഗ്ളൂരില്‍ വന്ന് 3-4 മാസം കഴിഞ്ഞപ്പോഴേക്കും പതിയെ പതിയെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയിരുന്നു.കഴിഞ്ഞതു കഴിഞ്ഞു ഇനി പഴയകാര്യങ്ങളോര്‍ത്ത് വിഷമിച്ചു നടന്നിട്ടെന്തുകാര്യം…ഇനി ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകണം എന്ന ചിന്ത അവളുടെ മനസ്സിലേക്കു അല്പാല്പമായി കടന്നു വന്നു.