എട്ടുംപൊട്ടും തിരിയാത്ത ഇളം പ്രായത്തില്‍ കൗമാരത്തിളപ്പില്‍ അച്ഛനൊപ്പം
ഇറങ്ങിപോരുമ്പോള്‍ അമ്മ സ്വപ്‌നം കണ്ട മനോഹരജീവിതമായിരുന്നില്ല പിന്നീട് സംഭവിച്ചത്. കുടുംബത്തിന് മാനഹാനി വരുത്തിവച്ചവള്‍ എന്ന കളങ്കം ചാര്‍ത്തികിട്ടിയതോടെ അമ്മക്ക് അമ്മയുടെ എല്ലാ വേണ്ടപ്പെട്ടവരും ബന്ധുക്കളും ശത്രുക്കളായി മാറി. അച്ഛന്റെ ഊരുചുറ്റലും മദ്യപാനാസക്തിയും കൂട്ടൂകെട്ടുകളും മൂലം ജീവിതം എന്നും മനസ്സമാധാനമില്ലായ്മയുടേയും സാമ്പത്തിക കഷ്ടപ്പാടിന്റെതുമായി മാറി. രണ്ടുമക്കളെ പോറ്റിവളര്‍ത്താന്‍ അജിത വളരെ കഷ്ടപ്പെട്ടു അവസാനം ജീവിക്കാനായി നാട്ടിലെ കുട്ടികള്‍ക്ക് നൃത്തം പഠിപ്പിക്കുന്ന നൃത്തവിദ്യാലയം നടത്തിയാണ് ജീവിതം തള്ളിനീക്കിയത്. പിന്നീട് പല കാരണങ്ങളാല്‍ നൃത്തവിദ്യാലയവും നിര്‍ത്തലാക്കേണ്ടിവന്നു.
ഇല്ല … ഇനി അമ്മയെ ഞാന്‍ ഒരിക്കലും കഷ്ടപ്പെടുത്തില്ല. ഒരു ആയുസ്സില്‍ അനുഭവിക്കാവുന്ന കഷ്ടപ്പാടെല്ലാം അമ്മ അനുഭവിച്ചു. എനിക്ക് ഇപ്പോള്‍ തരക്കേടില്ലാത്ത ശമ്പളമുള്ള ജോലിയുണ്ട് …. എന്റെ കഴിവിലും പ്രതിഭയിലും എനിക്ക് വിശ്വാസവുമുണ്ട് …..ആനിമേഷന്‍ മേഖലയിലും ഡിസൈനിംഗിലും പ്രതിഭതെളിയിച്ച എന്നെ
റാഞ്ചികൊണ്ടുപോകാന്‍ ഇന്ന് ഈ മെട്രോ നഗരത്തിലെ ഫിലം മേക്കിംഗ് മള്‍ട്ടിനാഷണല്‍ സ്റ്റുഡിയോകള്‍ മത്സരിച്ച് നില്ക്കുകയാണ് എന്ന് തനിക്ക് നല്ല ബോധ്യമുണ്ട്….ഇനി ഒരു പിന്നോട്ടുപോക്കില്ല….ഇതുവരെ കഷ്ടപ്പെട്ട അമ്മയെ ഇനി താന്‍ കഷ്ടപ്പെടുത്തില്ല. ഇനിയുള്ള എന്റെ ജീവിതം പാവം അമ്മക്കുവേണ്ടിയായിരിക്കും ,അമ്മയെ ഒരു തമ്പുരാട്ടിയെ പോലെ താന്‍ നോക്കും… രക്ഷിത് ചിലപ്പോള്‍ അങ്ങിനെ പലതും ഓര്‍ക്കും