നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ നാണംകെട്ട അവസ്ഥ. അന്ന് അല്പമെങ്കിലും ജീവിതത്തില്‍ പ്രതീക്ഷയും ആശ്വാസവും തന്നിരുന്നത് രക്ഷിതിന്റെ ജോലിയും അതിലുള്ള അവന്റെ ഉയര്‍ച്ചയുമായിരുന്നു. പാവം നന്നെ ചെറിയ വയസ്സില്‍ തന്നെ വീടിന്റെ ഉത്തരവാദിത്വം അവന്റെ തലയിലായി അജിത ഓര്‍ത്തു.
പാവം ഉണ്ണിയേട്ടന് വലിയ ആഗ്രഹമായിരുന്നു മകന്‍ ഒരു മികച്ച കലാകാരനായി കാണണമെന്ന്. കടങ്ങളും കഷ്ടപ്പാടും മാറി അവന്റെ ജീവിതത്തില്‍ പതിയെ പതിയെ ഉയര്‍ച്ചയുടെ പടവുകള്‍ കയറികൊണ്ടിരിക്കുമ്പോഴാണ് ഉണ്ണിയേട്ടന് അപകടം സംഭവിക്കുന്നതും പിന്നീട് 3 വര്‍ഷങ്ങള്‍ക്കുശേഷം മരണം സംഭവിക്കുന്നതും.
ഇന്ന് ബാംഗ്ളൂരില്‍ അത്യാവശ്യം ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് രക്ഷിതും അമ്മ അജിതയും കൂടി ഇപ്പോള്‍ നയിക്കുന്നത്. അമ്മയെ ബാംഗ്ലുരിലേക്ക് കൊണ്ടുവരേണ്ടിവന്നപ്പോള്‍ രക്ഷിത് പഴയ കൂട്ടുകാരുമായുള്ള താമസം മാറി ഒറ്റക്ക് ഒരു രണ്ടുമുറി ഫ്ളാറ്റെടുത്തു. വെറും 22 വയസ്സില്‍ ഇപ്പോള്‍ ഒരുലക്ഷത്തിനുമുകളില്‍ ശമ്പളമുള്ള ജോലിയും പറയത്തക്ക ബാധ്യതകളും ഇല്ലാത്ത രക്ഷിത് ഇപ്പോള്‍ ജീവിതം ആഢംബരപൂർവം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
പാവം അമ്മ….അല്ലെങ്കില്‍ നാട്ടിലെ പ്രശസ്തമായ നമ്പ്യാരുകുടുംബമായ തേക്കേടത്ത് തറവാട്ടിലെ അതിസുന്ദരിയായ നമ്പ്യാരുകുട്ടി അജിതക്ക് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ? .. കുടുംബക്ഷേത്രത്തിലെ പുരാതനചുവര്‍ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ ചെന്ന ചിത്രകാരനായ ഉണ്ണകൃഷണന്‍ എന്ന തന്റെ അച്ഛനൊപ്പം ജീവിതം ഹോമിക്കേണ്ടിയിരുന്ന വല്ല കാര്യമുണ്ടായിരുന്നോ ? ഒരു കണക്കിന് അങ്ങിനെ ഒരു ബന്ധം നടന്നില്ലായിരുന്നെങ്കിൽ താൻ ഈ ലോകത്ത് പിറവിയെടുക്കില്ലായിരുന്നല്ലോ.