എൻ്റെ പേര് മനോജ്. ഞാനിവിടെ യൂണിവേർസിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറാണ്. കുള്ളൻ സോഫയിലിരുന്നു. താരതമ്യേന ചെറിയ പ്രായത്തിൽ പ്രൊഫസറായതിൻ്റെ ഒരഭിമാനം ആ വാക്കുകളിൽ നിഴലിച്ചിരുന്നോ? കൊല്ലത്തുനിന്നും ട്രാൻസ്ഫർ വിത്ത് പ്രൊമോഷൻ. ആ നെഞ്ചിത്തിരി വിരിഞ്ഞു! ഉള്ളിൽ ചിരി പൊട്ടി… പാവം ആ സ്ത്രീ സോഫയിലൊന്നുമിരിക്കാതെ വശത്ത് നില്പായിരുന്നു…
മോൾടെ പേരെന്താ? ലതി ചിരിച്ചുകൊണ്ടു ചോദിച്ചു. ഞങ്ങൾ രണ്ടുപേരും ഒരേ പ്രായക്കാരാണ്. അൻപത്തിരണ്ട്. ഒരു മുപ്പതു വയസ്സിനു താഴെയുള്ള ഏതു പെണ്ണും അവളുടെ മോളാണ്!
കവിത. ആ ഇമ്പമുള്ള സ്വരം വീണ്ടും. ലതിയെ നോക്കി അവൾ പുഞ്ചിരിച്ചു. ചിരിക്കുമ്പോൾ ആ മുഖമാകെ മാറുന്നത് ഞാനത്ഭുതത്തോടെയാണ് കണ്ടത്! എവിടെനിന്നോ ജീവനും തുടുപ്പും അഴകും ആ മുഖത്തും കണ്ണുകളിലും ചേക്കേറുന്നു!
ലതിയെണീറ്റ് കവിതയുടെ കരം കവർന്ന് പിടിച്ചടുത്തിരുത്തി. കൊണ്ടുവന്ന പുതിയ തളിക കൊടുത്തു… കവിത… നല്ല പേര്! അർച്ചനയ്ക്ക് ഈ പേരിടാരുന്നു അല്ലേ വിശ്വം? അവളെൻ്റെ നേർക്കു തിരിഞ്ഞു. ഞാൻ മന്ദഹസിച്ചു… ലതി പതിവുപോലെ വളരെ സൗമ്യമായി കാര്യങ്ങൾ നിയന്ത്രണത്തിലാക്കി.
ഞങ്ങൾക്ക് രണ്ടു പെൺപിള്ളേരാണ്. രണ്ടും ഞങ്ങടെ കൂടെയില്ല. ലതി പറഞ്ഞു…
ഒരു മോനാണ്. ഇന്നലെ സ്ക്കൂളിൽ ചേർത്തു. രണ്ടിലാണ്. കവിത താഴ്ന്ന സ്വരത്തിൽപ്പറഞ്ഞു. ഈ സമയമെല്ലാം നമ്മടെ കുള്ളൻ മനോജ് ഇരുന്നു ഞെളിപിരി കൊള്ളുന്നത് പാർശ്വവീക്ഷണത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. (എന്താണെന്നറിയില്ല ഒരു ചെറിയ ഇഷ്മിടല്ലായ്മ എനിക്കു പുള്ളിയോടു തോന്നിയിരുന്നു എന്നത് സത്യമാണ്).