കവിത
Kavitha | Author : Rishi
ഞാനെന്നാണ് ആദ്യമായി മനോജിനേയും ഭാര്യ കവിതയേയും കണ്ടത്? ദിവസമോർമ്മയില്ല. ഓർമ്മയുള്ളത്…
അന്നു കാലത്ത് മഴ ചാറിയിരുന്നു. സ്ഥിരം മോർണിങ്ങ് വാക്ക് കം പതിഞ്ഞ ജോഗിംഗ് കഴിഞ്ഞ് ധൃതിയിൽ വീട്ടിലേക്കു നടക്കുവായിരുന്നു. എൻ്റെ വീട് ആ ചെറിയ കോളനിയുടെ ഏതാണ്ട് തുടക്കത്തിലാണ്. ഒരു റോഡു തിരിയുന്ന കോർണറിൽ. വീടിൻ്റെ അതിരിടുന്ന ഒരു കൊച്ചു റോഡിൻ്റെ അപ്രത്തുള്ള വീട് കുറച്ചു നാളായി ഒഴിഞ്ഞു കിടപ്പായിരുന്നു.
ഒരു ലോറി നിറയെ വീട്ടു സാധനങ്ങൾ. നീലയും ചുവപ്പും ഉടുപ്പിട്ട ചുമട്ടുതൊഴിലാളികൾ.. സാധനങ്ങൾ ഇറക്കാനുള്ള അൺലോഡിങ്ങ് കൂലിയുടെ സ്ഥിരം തർക്കം… വെളുത്തു കുള്ളനായ ചെറുപ്പക്കാരൻ… മുപ്പതു മുപ്പത്തഞ്ച് പ്രായം കണ്ടേക്കാം. ഘോരഘോരം തൊഴിലാളികളോടു വാദിക്കുന്നുണ്ട്. വീട്ടുകാരനാവും. ഞാൻ നടത്തം മെല്ലെയാക്കി..
തൊഴിലാളികളുണ്ടോ വിടുന്നു! വലിയ സാമ്പത്തിക വിദഗ്ദ്ധനെപ്പോലെ അവരുടെ നേതാവ് വിലക്കയറ്റം, ജീവിതസൂചിക, അവരുടെ കൂലി, ഭാവിയുടെ തീർച്ചയില്ലായ്മ… ഇങ്ങനെ കണക്കുകളും വാദങ്ങളും നിരത്തുന്നു. എനിക്കു ചിരി വന്നു. ഞാനൊരു വക്കീലാണ്. ഈ വാദപ്രതിവാദങ്ങൾ എൻ്റെ തൊഴിലാകുന്നു. ഇവനെ ജൂനിയറായി എടുത്താലോ?
അപ്പോഴൊരു വിളി! സാറേ! നോക്കിയപ്പോൾ മറ്റൊരു നേതാവാണ്. പെട്ടെന്നോർമ്മവന്നു. മൂന്നു വർഷം മുൻപ് ഞാനിവരുടെ യൂണിയനെ ഒരു തൊഴിൽക്കേസിൽ പ്രതിനിധീകരിച്ചിരുന്നു.. വാദി ഹൈക്കോർട്ടു വരെ പോയെങ്കിലും ഞങ്ങളാണ് ജയിച്ചത്. ഞാനന്ന് അവരിൽ നിന്നും വളരെ തുച്ഛമായ ഫീസാണീടാക്കിയത്. തൊഴിലപകടത്തിൽ നേരത്തേ പോയ അച്ഛൻ്റെയോർമ്മയ്ക്ക്.