അപ്പഴാണ് ഫോൺ. നോക്കിയപ്പോൾ ഇളയ സന്താനം. അച്ചുവാണ്. വീഡിയോ കോളാണ്.
എടുക്കണ്ടെടാ! ലതി കെഞ്ചി… പോടീ! ഞാൻ കാമറ ഞങ്ങടെ നേർക്കു പിടിച്ചു…
ആഹാ! ഗുഡ്മോർണിങ്ങ്! എന്താണിത്. വയസ്സാം കാലത്ത് റൊമാൻസ്! അതും മടിയിലൊക്കെയിരുത്തി! മുടി പറ്റെ വെട്ടിയ അവളുടെ സുന്ദരമായ മുഖം സ്ക്രീനിൽ തെളിഞ്ഞു.
പോടീ! ലതിയുടെ മുഖം തുടുത്തു. എൻ്റെ ഭർത്താവിൻ്റെ മടിയിലിരിക്കണതിന് നിൻ്റെ പെർമിഷൻ വേണോ? അവൾ ചൊടിച്ചു. എവിടെ മരിയമോള്? (അച്ചൂൻ്റെ പാർട്ട്ണറും ഇതിനകം ലതിയുടെ മോളായിക്കഴിഞ്ഞിരുന്നു!).
പിങ്കി ലണ്ടനിലാണമ്മേ! നാളെ വരും! അവൾ ചിരിച്ചു. എന്നാണ് കാനഡേലോട്ട്? (പിങ്കിയാണ് മരിയ!).
വിസ അടുത്താഴ്ച്ച കിട്ടും. അതു കഴിഞ്ഞാലുടനേ ഇവളെ ഞാൻ പായ്ക്കു ചെയ്യുമെടീ! ഞാൻ ചിരിച്ചു. ഒപ്പം എൻ്റെ മോളും. അവളാണെൻ്റെ പ്രിയപ്പെട്ട സന്താനം. ഇത് അവൾക്കുമറിയാം.
ആ… അമ്മേ! അച്ഛനെ വാച്ചു ചെയ്യാൻ ആരേലും ഏർപ്പെടുത്തിക്കോ! പിന്നെ ഞാൻ പറഞ്ഞില്ലെന്നു വേണ്ട. അവൾ കണ്ണുകൾ അമ്മേടെ നേർക്കു തിരിച്ചു.
ഇവിടെല്ലാം ഒളി ക്യാമറ വെച്ചിട്ടൊണ്ടടീ. ഇങ്ങേർക്ക് കണ്ടുപിടിക്കാനൊക്കത്തില്ലെന്ന് നമുക്കറിയാല്ലോ! ലതി വിടർന്നു ചിരിച്ചു…
ഡീ പെണ്ണുങ്ങളേ! ഈ സാധുവിനെപ്പറ്റിയാണ് നീയൊക്കെ അപവാദം പരത്തുന്നത്! ഈ കെഴവനെയൊക്കെ ആരു നോക്കാനാണെടീ! അമ്പതാവാറായി. ഈ ചുന്ദരിപ്പെണ്ണിൻ്റെ കാര്യം അതല്ല… ഞാൻ ലതിയുടെ കവിളത്തൊന്നു നുള്ളി. അവളങ്ങു ചുവന്നു തുടുത്തു!
അച്ചു പൊട്ടിച്ചിരിച്ചു. അമ്മേനെ വളച്ചൊടിക്കാനുള്ള പരിപാടിയാണല്ലേ! ആ പിന്നെ… ഓൺ എ സീരിയസ് നോട്ട്… യൂ ആർ വെരി ഹാൻഡ്സം. മരിയ പോലും പറഞ്ഞതാണ്. ബൈ സെകഷ്വൽ ആയിരുന്നെങ്കിൽ അവളൊരു കൈ നോക്കിയേനേന്ന്… എൻ്റെ മോളു മന്ദഹസിച്ചു.. ഒപ്പം ഞങ്ങളും!