ഇക്കഴിഞ്ഞ വർഷങ്ങൾ! ഓ… ഓർക്കാനിഷ്ട്ടപ്പെടാത്ത അനുഭവങ്ങൾ…. അച്ഛൻ മരിച്ചിട്ട് ഒരു വർഷത്തിനകം, എനിക്കു പത്തു വയസ്സുള്ളപ്പോഴാണ് അമ്മ രണ്ടാമതും കല്ല്യാണം കഴിക്കുന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. എന്നാൽ അന്ന്.. ഒന്നാമത് കടന്നു പോന്ന കൗമാരത്തിൻ്റെ പതറിച്ചകൾ… രണ്ട് പുതിയ അച്ഛൻ്റെ അവഗണന നിറഞ്ഞ പെരുമാറ്റം. മൂന്ന് അമ്മയുമായുള്ള അകൽച്ച. സ്വാഭാവികമായും ഭർത്താവിനോടൊപ്പമാണ് അമ്മ ഏറെ സമയവും ചെലവഴിച്ചത്. ഞങ്ങൾ രണ്ടാമ്പിള്ളേരായിരുന്നു. ഭാഗ്യവാൻ ചേട്ടൻ. എന്നേക്കാളും പതിനഞ്ചു വയസ്സിനു മൂത്ത അദ്ദേഹം അച്ഛൻ മരിക്കുന്നതിനു മുന്നേ വിവാഹവും കഴിച്ച് വേറൊരു സിറ്റിയിൽ ജോലിയായി മാറിത്താമസിക്കുകയായിരുന്നു. ഞാനൊറ്റയ്ക്കും.
മെല്ലെ റിബൽ സ്വഭാവങ്ങൾ ഉടലെടുത്തു. വഷളന്മാരുമായുള്ള കൂട്ടുകെട്ട്. വെള്ളമടി, കഞ്ചാവ്, അടിപിടി… എന്നുവേണ്ട… അവസാനം കയ്യിൽ വെട്ടേറ്റ് ആശുപത്രിയിലും. എന്നെക്കൊണ്ടു മടുത്ത അമ്മ കയ്യൊഴിഞ്ഞു. പോലീസ് കേസായി. അപ്പോഴാണ് ജീവിതത്തിൽ ദേവദൂതരെപ്പോലെ ഗോപിയേട്ടനും സീമേച്ചിയും വന്നത്. അച്ഛൻ്റെ ചേട്ടൻ്റെ മോനായിരുന്നു. ഓയിൽ കമ്പനിയിൽ നല്ല പൊസിഷൻ. വടക്കേ ഇന്ത്യയിലായിരുന്നു വർഷങ്ങളോളം. ബിന്ദു… ഒരു മോളാണ്. അവൾ കല്ല്യാണം കഴിച്ച് അങ്ങു കുവൈറ്റിലായിരുന്നു..
ഗോപിയേട്ടനും സീമേച്ചിയും നാട്ടിൽ എത്തിയതിനു ശേഷം അമ്മയെക്കാണാൻ വന്നതാണ്. അപ്പഴാണ് ഞാനാശുപത്രീലാണെന്നറിയുന്നത്. എൻ്റെയൊപ്പം ആരുമില്ലായിരുന്നു. ഹോസ്പിറ്റലിലെ ആഹാരം. നേഴ്സുമാരുടെ പരിചരണം. പരിചയമുള്ള ഒരു ഡോക്റ്റർക്ക് അമ്മ പൈസ അയയ്ക്കും.