ഇനി പറയടീ! കാലത്തെന്തായിരുന്നു ഇഷ്യൂ?
എനിക്കറിഞ്ഞൂടാ! മനോജിന് എന്തോ കാര്യത്തില് ഒരിറിട്ടേഷൻ. വീട്ടിലെ പ്രശ്നമല്ല. യൂണിവേഴ്സിറ്റിയിലാണെന്നു തോന്നുന്നു. പക്ഷേ രാവിലെ പാവം വിനൂനെ വഴക്കു പറഞ്ഞു. അതു സോൾവു ചെയ്യാൻ ചെന്ന എന്നെ യൂസ്ലെസ്സ്, വിവരമില്ലാത്തവൾ എന്നൊക്കെ വിളിച്ചു. പാവം വിനു കരഞ്ഞു.
ഞാനിതൊക്കെ കൊറേ കേട്ടതാണ് വിശ്വം. എന്നാലും എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ ഒച്ചയെടുത്തു… മനോജന്തം വിട്ടു പോയി. പിന്നെ വേഷം മാറി സ്ഥലം വിട്ടു. പാവം വിനുവിൻ്റെ മുഖം കഴുകിച്ച് ഒരു തരത്തിൽ അവനെ സ്ക്കൂൾ ബസ്സിൽ കേറ്റി വിട്ടു… ഇനി ആ ഒഴിഞ്ഞ വീട്ടിലിരുന്നാൽ വട്ടുപിടിക്കുമെന്നു തോന്നി. അതാ… അവൾ ആ വലിയ തിളങ്ങുന്ന കണ്ണുകൾ എൻ്റെ നേർക്കു തിരിച്ചു.
സാരമില്ലെടീ! ബാ നമുക്ക് നടക്കാൻ പോവാം. നിൻ്റെ കയ്യിൽ വാക്കിങ്ങ് ഷൂസുണ്ടോ?
ഇല്ല! വാങ്ങിയാലോ? അവൾ ചോദിച്ചു.
വേണ്ടടീ! ഒരു നിമിഷം. ഞാൻ പോയി അച്ചു മുറിയിൽ വെച്ചിരുന്ന ചുവന്നനിറത്തിലുള്ള കെഡ്സുമായി വന്നു. പിന്നെ ആങ്കിൾ സോക്സും. പാകമാവുമോന്ന് നോക്ക്.
ഷൂസ് അളവെടുത്തു വാങ്ങിയപോലുണ്ടായിരുന്നു. ഞാൻ പോയി ട്രാക്സിലേക്കു മാറി. വണ്ടിയെടുത്ത് അവളേം കൂട്ടി പാർക്കിലേക്കു വിട്ടു. ഇന്നലെ രാത്രിയിൽ മഴപെയ്തിരുന്നതു കൊണ്ട് ഈർപ്പവും തണുപ്പുമുള്ള കാറ്റ് കാറിൻ്റെ ചില്ലു താഴ്ത്തിയ ജനാലകളിൽക്കൂടി ഞങ്ങളെ തഴുകി. ഗിയറിലിരുന്ന എൻ്റെ കയ്യിൽ അവളുടെ കയ്യുടെ മൃദുസ്പർശം… ഞാനവളെ നോക്കി…
ആ വലിയ കണ്ണുകൾ എൻ്റെ നേർക്ക് തിരിഞ്ഞിരിക്കയായിരുന്നു! ഞാൻ പിന്നെയും റോഡിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാലും അവളുടെ നോട്ടത്തിൻ്റെ നേരിയ ചൂട് ഞാനറിയുന്നുണ്ടായിരുന്നു!