അയ്യോ! മാപ്പു തരണേ! ഞാൻ തൊഴുതു. ഒരു നിമിഷം! ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു! പെട്ടെന്നവളുടെ ചിരി മാഞ്ഞു. സോറി സർ! ഞാനറിയാതെ…
ഞാനവളുടെ കരം കവർന്നു. ഡോൺട് വറി. ഈ ലോകത്ത് ഒത്തിരി പ്രശ്നങ്ങളുണ്ട്. ഇനി ഇതോർത്ത് കൂടുതൽ വിഷമിക്കണ്ട. ഐ ഡോൺട് മൈൻ്റ്. കവിത റിലാക്സ്ഡായി നന്നായി ജോലി ചെയ്യൂ. ഓക്കെ?
അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു… പിന്നെയൊന്നും മിണ്ടാതെ അവളോഫീസിലേക്കു നടന്നു.
ഞാനൊരു കാര്യം ശ്രദ്ധിച്ചിരുന്നു. കവിതയെ ഓഫീസിൽ എല്ലാരും ചുരുങ്ങിയ ദിവസങ്ങൾക്കകം ഇഷ്ട്ടപ്പെട്ടിരുന്നു. അവൾ ചെറിയ പുഞ്ചിരിയോടെയാണ് ആളുകളോട് ഇടപെട്ടിരുന്നത്. രണ്ടാഴ്ച്ചയ്ക്കകം അവൾ ഓഫീസിൻ്റെ നടത്തിപ്പും നോക്കിത്തുടങ്ങിയിരുന്നു. വരുന്ന കോളുകൾ അറ്റൻ്റു ചെയ്യുക, കൃത്യമായി നോട്ടു ചെയ്യുക, കേസുകൾ എന്നത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.. അത് റെക്കോഡു ചെയ്യുക… ഞങ്ങൾ മൂന്നു വക്കീലന്മാരുടേം ഷെഡ്യൂൾ ഉണ്ടാക്കുക…. അങ്ങിനെ… ഇവൾ വരുന്നതിനു മുന്നേ ഈ ഓഫീസെങ്ങനെ നടന്നിരുന്നു എന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു!
ഇപ്പോൾ അവൾ എന്നോട് കുറച്ചൂടി റിലാക്ഡായി പെരുമാറിത്തുടങ്ങി… എന്നാലും എപ്പോഴുമുള്ള സർ വിളി എനിക്കിത്തിരി അരോചകമായിത്തോന്നി. ഓഫീസിലല്ലാത്തപ്പോൾ എന്നെ വിശ്വം എന്നു വിളിച്ചാൽ മതി എന്നു ഞാൻ പറഞ്ഞെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല!
സെക്കൻഡ് സാറ്റർഡേ. കോടതി അടപ്പാണ്. ഞാൻ ഇത്തിരി വൈകി നടക്കാൻ പോയപ്പോൾ അതാ വരുന്നു പ്രൊഫസർ സാർ! ഗുഡ്മോണിങ്ങ്. ഞാൻ ചിരിച്ചു… അങ്ങേരേതോ മൊബൈൽ സംഭാഷണത്തിൽ മുഴുകി നടപ്പായിരുന്നു. ഓ! വിശ്വം! പുള്ളി ഇത്തിരി പതറിയോ? ഇതാണ് വക്കീലിൻ്റേം പോലീസിൻ്റേം പ്രശ്നം! സംശയാലുക്കളാണ്. പെട്ടെന്ന് ഫോൺ കട്ടുചെയ്തിട്ട് പ്രൊഫസർ ഒന്നു ചിരിക്കാൻ ശ്രമിച്ചു! ഞാനും വിശാലമായി പല്ലിളിച്ചു കാട്ടി.