“”അയ്യോ ഇത് സഞ്ജു മോനല്ലേ. ഇത് നമ്മുടെ സഞ്ജു മോനാണ് അമ്മേ “” എന്നെ കണ്ട സന്തോഷത്തിലും വെപ്രാളത്തിലും വിലാസിനി ദേവകിയമ്മയെ നോക്കി പറഞ്ഞു..
സന്തോഷം കൊണ്ട് ദേവകിയമ്മ ചാടിയെണീറ്റ് നിന്നപ്പോഴേക്കും ഞാൻ അടുത്തേക്ക് ചെന്നു കെട്ടിപിടിച്ചു.. എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല.
“”എന്റെ സഞ്ചുട്ടൻ ആണോ ഇത് “” എന്റെ കൈകളിലും മുഖത്തും എല്ലാം തലോടി എന്നെ വാരിപ്പുണർന്നു. എന്റെ നെഞ്ചിൽ തല വച്ചു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു.
എനിക്കും കരച്ചിൽ വന്നു. അത് പുറത്തു കാണിക്കാതെ ഞാൻ കുറെ സംസാരിച്ചു. എനിക്ക് കുടിക്കാൻ വെള്ളമെടുക്കാൻ പോകുന്ന പോക്കിൽ വിലാസിനി ചേച്ചി എന്റെ ബാഗും എടുത്തു അകത്തു വച്ചു. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു!!.
ദേവകിയമ്മയേയും കൂട്ടി അകത്തേക്ക് കയറും നേരം ആ പരിസരവും ഓരോ സ്ഥലങ്ങളും എന്നെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി.
14 മുറികളുള്ള ഈ തറവാട്ടിൽ ഞാൻ ഉപയോഗിച്ചിരുന്ന ബാൽക്കണിയോട് ചാരിയുള്ള എന്റെ മുറി തന്നെ ഞാൻ തിരഞ്ഞെടുത്തു..
“”മോൻ കുളിച്ചു വാ, ഞാനപ്പോഴേക്കും കഴിക്കാൻ എടുത്തു വെക്കാം “” മുറിയിൽ ബാഗ് വെക്കുന്നതിനിടെ വിലാസിനി വന്നു പറഞ്ഞു. ഒരു ചിരിയിൽ ഞാൻ മറുപടി ഒതുക്കി.
“”അല്ല ചേച്ചി നമ്മുടെ കുളം ഇപ്പഴും അതുപോലുണ്ടോ?”” അവർ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..
“‘ ഉണ്ട് മോനെ , പണ്ടത്തെപോലെ തന്നെ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കും അല്ലെങ്കിൽ മോന്റെ അച്ഛമ്മക്ക് ഉറക്കം വരില്ല “” തിരിഞ്ഞു വന്ന അവർ വളരെ ബഹുമാനത്തോടെ എന്നോട് സംസാരിക്കാൻ ശ്രമിച്ചു.