ഇനിയാണ് ജോലികൾ കിടക്കുന്നതു….. രണ്ടു ദിവസം കൊണ്ടു എല്ലാ പണികളും ഓടി നടന്നു ചെയ്തു.. എല്ലാം അച്ഛന്റെ നിർദ്ദേശ പ്രകാരം പഴയ ആളുകളെ തന്നെ ഏൽപ്പിച്ചു.. നാളെയാണ് ഒന്നാം ഓണം.. എല്ലാവരും നാളെ വരും. എല്ലാവരെയും കാണാൻ അതിയായ ആഗ്രഹമുണ്ട്.. അന്നത്തെ എന്റെ വേദന കൊണ്ടു മാത്രമാണ് ഞാനാരുമായും ബന്ധപെടാതെ നിന്നത്.. അകത്തേക്ക് നടന്നു ചെന്നു പണ്ടത്തെ ആ ആൽബം ഞാനെടുത്തു നോക്കി. പൊടിപിടിച്ചു കിടന്ന അത് ഞാൻ തുണിയുപയോഗിച്ച് വൃത്തിയാക്കി. അവസാനമായി എടുത്ത ആ ഫോട്ടോ ഞാൻ നോക്കി. പട്ടുപാവാടയും ധരിച്ചു എന്റെ അടുത്ത് നിൽക്കുന്ന ആ ഫോട്ടോ കണ്ടപ്പോൾ അറിയാതെന്റെ കണ്ണിൽ നിന്നും അൽപ്പം കണ്ണുനീർ ഉതിർന്നു.. ആ ചിത്രത്തിൽ വിരലുകളാൽ തലോടി അത് മടക്കി വച്ചു.. മനസ്സിൽ നിന്നും വെറുത്തു പോയിട്ടും ഇവിടെ വന്നത് മുതൽ അവളെ കാണാനുള്ള ആഗ്രഹം കൂടുന്നത് പോലെ.. കാണുമ്പോൾ എങ്ങനെ ഒഴിഞ്ഞു മാറും.. എന്നാലും എന്റെ കൂടെ കളിച്ചു വളർന്നു എന്റെ ഒപ്പം നടന്നു എല്ലാ കാര്യങ്ങളും പങ്കുവെച്ചു അവസാനം എന്റെ സഖി ആയി മാറേണ്ട പെണ്ണായിരുന്നവൾ. നിലാവുള്ള ആകാശത്തു തിളങ്ങി നിൽക്കുന്ന അമ്പിളി മാമനെ നോക്കി അവളും ഞാനും ഇരിക്കാറുള്ള അതേ ബാൽക്കണിയിൽ ഞാനിരുന്നു… നേരം പുലരുവോളം..
നേരം പുലർന്നതും ആദ്യം തന്നെ ടാക്സിയിൽ അച്ഛനും അമ്മയും സഞ്ചനയും എത്തി. അവരിന്നലെ ദുബായിൽ നിന്നും പുറപ്പെട്ടതാണ്.. പിന്നെ പിന്നെ ഓരോരുത്തരായി വന്നു കയറി.. ദേവകിയമ്മയുമായി കെട്ടിപിടിച് കരഞ്ഞാണ് എല്ലാവരും വന്നു കയറുന്നതു.. കുട്ടികളൊക്കെ വലുതായി. പതിയെ പതിയെ നിശബ്ദത മാറി അവിടം ആകെ ബഹളങ്ങളായി. പഴയതൊന്നും ആരും ഓർക്കുന്നില്ല. എല്ലാവരും എന്നോട് നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്..