“”അല്ല “” കണ്ണുനീർ പൊഴിച്ചു കൊണ്ടു അവൾ പറഞ്ഞു.. ഒരിടി മുഴക്കം പോലെയായിരുന്നു ഞാനതു കേട്ടത്.
“”അപ്പൊ നിന്നെ കാണാനല്ല ഇവൻ വന്നത് എന്നാണോ പറയുന്നേ “” ദേവകിയമ്മയുടെ ചോദ്യത്തിൽ എല്ലാവരും അവളെ നോക്കി.
“”അല്ല, എന്നെ കാണാനല്ല “” അതുകേട്ടു തളർന്നു പോയ ഞാൻ അവളുടെ അടുത്തേക്കൊടി.
“”അങ്കി, നീയെന്തായിങ്ങനെ പറയുന്നേ.. പ്ലീസ് സത്യം പറയെടീ “” കരഞ്ഞു കൊണ്ടു ഞാനവളുടെ മുമ്പിൽ കേണ് പറഞ്ഞു.. പക്ഷെ അവൾ ചെവികൊണ്ടില്ല..
വീണ്ടും വീണ്ടും ഞാൻ അവളോട് അപേക്ഷിച്ചു.. കാര്യമില്ലെന്നു മനസിലായ ഞാൻ എല്ലാവരുടെയും മുമ്പിലിരുന്നു കരഞ്ഞു..
“”ഇങ്ങനെയൊരു സംഭവം ഈ തറവാട്ടിൽ ഉണ്ടായിട്ടേയില്ല.. കണ്ട പെണ്ണുങ്ങളെയും വിളിച്ചു കേറ്റി.. ശേ “” അമ്മാവന്മ്മാർ അത് പറഞ്ഞപ്പോൾ എല്ലാവരും ഞാനൊരു വൃത്തികെട്ടവനാണെന്ന് ശരി വച്ചു.
ഇനിയീ തറവാട്ടിൽ എങ്ങനെ നിൽക്കും. കുട്ടികളെ എന്ത് വിശ്വസിച്ചു നിർത്തും.. ഇങ്ങനെയുള്ള ചോദ്യങ്ങളുയർന്നപ്പോൾ കണ്ണീരു തുടച്ചു കൊണ്ടു എണീറ്റ് വന്ന അമ്മ എന്റെ കൈകൾ പിടിച്ചു ദേഷ്യത്തോടെ അമ്മയുടെ മുറിയിലേക്ക് നടന്നു. എല്ലാവരും അതും ഇതും പറഞ്ഞു പിരിഞ്ഞു..
നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ ഞാൻ എന്നെ നോക്കുന്ന അങ്കിയെ കണ്ടു. കണ്ണീരിൽ കുതിർന്ന അവളുടെ അപ്പോഴത്തെ മുഖം കണ്ടപ്പോൾ ആദ്യമായി എനിക്കവളോട് വെറുപ്പ് തോന്നി.. അവൾ കാണെ കാർകിച്ചു തുപ്പി ഞാൻ തല തിരിച്ച് നടന്നു.
മുറിയിലെത്തിയ എന്നെ അമ്മ ഒരുപാട് തല്ലി.. കയ്യിൽ കിട്ടിയതെല്ലാമെടുത്തു തല്ലി.. ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഞാനെല്ലാം ഏറ്റു വാങ്ങി. എന്റെ ശബ്ദം ആ മുറിയിലും വീട്ടിലും മുഴങ്ങി നിന്നു. പ്രകമ്പനം പോലെ..