എന്നെ കണ്ട അമ്മാവനും അമ്മാവനെ കണ്ട ഞാനും ഒരേപോലെ ഞെട്ടി.. ഞാൻ മൂത്രമൊഴിച്ചില്ലെന്നേയുള്ളു..
“”നീയെന്താ ഈ നേരത്തിവിടെ?”” മൗനത്തിനു ശേഷം വലിയ ശബ്ദത്തിൽ അമ്മാവൻ ചോദിച്ചു.
“”ഞാൻ.. ഞാൻ… മൂത്രമൊഴിക്കാൻ വന്നതാ “” വാക്കുകൾ തപ്പി പിടിച്ച് ഞാൻ പറഞ്ഞു..
“”അതിനു മേലെ ബാത്റൂം ഇല്ലേ?”” അമ്മാവന്റെ ചോദ്യത്തിന് ശബ്ദം ഉയർന്നപ്പോൾ ഉറക്കത്തിൽ നിന്നെഴുനേറ്റ് ചെറിയമ്മായിയും വന്നു..
“”ചോദിച്ചത് കേട്ടില്ലേ നീ,?”” ചോദ്യത്തിന് മറുപടി കിട്ടാതായപ്പോൾ അടുത്തേക്ക് വന്നു അമ്മാവൻ ചോദിച്ചു.. ഞാൻ തല താഴ്ത്തി നിന്നു.. കാര്യം മനസിലായ അമ്മായി എന്റെ അടുത്തേക്ക് വന്നതും ഒരു സ്ത്രീ ഓടി മറയുന്നത് പുറത്തേക്കുള്ള തുറന്നിട്ട വാതിലിലൂടെ അമ്മാവനും അമ്മായിയും ഞാനും കണ്ടു!! ഇതെന്ത് കഥ എന്നാലോചിച്ചു നിൽക്കുന്നതിനിടയിൽ അമ്മാവൻ ദേഷ്യത്തിൽ വന്നു കൈപിടിച്ചു..
“”ആരാ ആ പോയെ? “” അമ്മാവന്റെ ശബ്ദം കേട്ട് എല്ലാ റൂമിലും ലൈറ്റ് തെളിഞ്ഞു. ഉറക്കത്തിൽ നിന്നെഴുനേറ്റ് എല്ലാവരും ഓടി വന്നപ്പോൾ ഒരു പ്രതിയെ പോലെ ഞാൻ എല്ലാവരുടെയും നടുവിൽ നിന്നു..
തലങ്ങും വിലങ്ങും ചോദ്യങ്ങളുയർന്നു.. എങ്കിലും ഞാനൊന്നും പറഞ്ഞില്ല.
“”നിന്റെ തള്ളയാടാ ചോദിക്കുന്നെ, ഏത് പെണ്ണിനെയാടാ നീ വിളിച്ചു കയറ്റിയെ “” പൊട്ടിക്കരഞ്ഞു കൊണ്ടു തളർന്നിരുന്ന അമ്മയെ എല്ലാവരും വന്നു താങ്ങി. എണീറ്റ് വന്ന അമ്മ എന്നെ പൊതിരെ തല്ലി..
എന്നെ തല്ലുന്നതു കണ്ടു കണ്ണുനിറഞ്ഞു നിൽക്കുകയാണ് അങ്കി.. ആരും കാണാതെ അവളതു തുടക്കാൻ ശ്രമിക്കുന്നുണ്ട്.. ഒരു കള്ളനെ പോലെ, വൃത്തികെട്ടവനെ പോലെ എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നു കറങ്ങിയപ്പോൾ.. അമ്മയുടെ അവസാന ചോദ്യം.