അവളെ കണ്ട എന്റെ ബോധം മൊത്തം പോയിരുന്നു.. ഈ ഒരു അവസ്ഥയിൽ അവളെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല..
“”സഞ്ജു “” സന്തോഷത്തോടെ കണ്ണീർ പൊഴിച്ചു കൊണ്ടു അവളെന്നെ വിളിച്ചു.
ആ വിളികേട്ട് ഞാൻ അവളെയൊന്നു നോക്കി. അവളെന്നോട് ചിരിച്ചു. ഞാൻ ചിരിച്ചില്ല.
“”വണ്ടിയെടുക്ക് “” അവളുടെ മുഖത്തു നിന്നും നോട്ടം മാറ്റി ഞാൻ ഡ്രൈവറോട് പറഞ്ഞു. ആ പെൺകുട്ടി സംസാരിക്കാൻ ശ്രമിച്ചിട്ടും ഇവനെന്തെടാ മിണ്ടാതിരിക്കുന്നെ എന്ന ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു.
അയാൾ വണ്ടി എടുത്തു.
“”സഞ്ജു ….. സഞ്ജു … “” അവൾ കരഞ്ഞു കൊണ്ട് ഒരുപാട് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയില്ല. എന്നെ വിളിച്ചു കരഞ്ഞ അവളെ മറ്റൊരു സ്റ്റാഫ് വന്നു സമാധാനിപ്പിക്കുന്നത് കാറിന്റെ കണ്ണാടിയിൽ കൂടെ ഞാൻ കണ്ടു.. എങ്കിലും അത് കാര്യമാക്കാതെ ഞാൻ മുന്നോട്ടു നോക്കി.
“”സർ അവർ നിങ്ങളെത്തന്നെയല്ലേ വിളിക്കുന്നത് “” തന്റെ സംശയം മാറ്റാൻ ഡ്രൈവർ എന്നോട് ചോദിച്ചു.
“”അറിയില്ല.. നിങ്ങൾ വണ്ടി വിടൂ പ്ലീസ് “” സീറ്റിൽ ചാരി കിടന്നു ഞാൻ കണ്ണടച്ചു.
അനിക!!! എന്റെ അമ്മായിടെ മോള്. എന്റെ മുറപ്പെണ്ണ്!!!. എന്റെ കളിക്കൂട്ടുകാരി.. അതിനുമപ്പുറം എന്റെ എല്ലാമായിരുന്ന നുണക്കുഴിയുള്ള കാന്താരി. സുന്ദരി പെണ്ണ്.. പക്ഷെ അന്നൊരു ദിവസം ആ ഒറ്റ ദിവസം എല്ലാം മാറി മറഞ്ഞു.. എന്റെ ജീവിതത്തിൽ നിന്നും അവളെ ഞാൻ മറന്നു കളഞ്ഞു. അവളെ മാത്രമല്ല വീടും തറവാടും എല്ലാം. ദുബായിൽ ബിസിനസ് ചെയ്യുകയാണ് ഞാനിപ്പോൾ. അവളെ കുറിച്ച് ഒരു ദിവസം പോലും ഞാൻ ഓർക്കാറില്ല.. അത്രെയും എനിക്ക് വെറുത്തിട്ടുണ്ട്.. കാർക്കിച്ചു തുപ്പിയിട്ടുണ്ട് അവളെ ഓർമ വരുമ്പോൾ..