“” സത്യം ഞാനും ഇന്നലെ അതുമാത്രമാണ് ചിന്തിച്ചേ.. അങ്ങനെ നീ പോവോ “”
“”ഒരിക്കലും ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.. പോവാനെനിക്ക് കഴിയില്ല.”” എന്റെ തോളിലേക്ക് തല ചായ്ച്ചവൾ പറഞ്ഞു..
“”എനിക്കും കഴിയില്ല.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ…”” ബാക്കി പറയുന്നതിന് മുന്നേ അവൾ എന്റെ വായ പൊത്തിപിടിച്ചു.. തലയുയർത്തി നേരെപിടിച്ചെന്നെ നോക്കി. എന്റെ രണ്ടു കണ്ണുകളിലേക്കും മാറി മാറി നോക്കി..
ആ കണ്ണുകൾ നിറയുന്നത് ആ ഇരുട്ടിലും ഞാൻ കണ്ടു.
സംസാരിക്കാൻ വേണ്ടി അവൾ പൊത്തിപിടിച്ച വായ ഞാൻ തുറക്കാൻ ശ്രമിച്ചതും കയ്യെടുത്തു കൊണ്ടു കണ്ണു തുടച്ചു കൊണ്ടവൾ അകത്തേക്ക് ഓടി.
എന്തിനാണ് അവളിപ്പോൾ കരഞ്ഞത്? എന്തിനാണ് ഞങ്ങളിങ്ങനെ സംസാരിക്കുന്നതു? പരസ്പരം പിരിയുമ്പോഴുള്ള മുഹൂർത്തങ്ങൾ ഇപ്പോൾ തന്നെ ചിന്തിക്കുന്നതെന്തിനു.. ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലേക്ക് കടന്നുവന്നു.. പുറത്തെ ഇരുട്ടിലേക്കു നോക്കി ഞാൻ കസേരയിൽ ചാരിയിരുന്നു.. അറിയാതെയെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്തിനോ വേണ്ടി..
പിറ്റേന്ന് രാവിലെയാണ് കുളക്കടവിൽ അവളെ കാണുന്നത്.. ഇന്നലെ കരഞ്ഞതും സംസാരിച്ചതൊന്നും അവൾ അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ് പെരുമാറ്റം. കുട്ടിപട്ടാളം മുഴുവനും ഉണ്ട്.. പുലർച്ചെയുള്ള തണുപ്പിൽ എണ്ണ തേക്കലും സോപ്പ് തേക്കലും അതേപടി കുളത്തിൽ ചാടലും.. എല്ലാരും കൂടെയാവുമ്പോൾ നല്ല രസമാണ്..
“”സങ്കടൊക്കെ മാറിയോ?”” സോപ്പ് മുഖത്തു തേച്ചുകൊണ്ട് ചോദിച്ചു.